ന്യൂഡൽഹി: ആറു വയസുകാരി മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കാണിച്ച് അമ്മ നൽകിയ പരാതിയിൽ മലപ്പുറം സ്വദേശിയായ അച്ഛനെതിരെ ഡൽഹി പൊലീസ് കേസെടുത്തു. തെക്കൻ ഡൽഹി സരിതവിഹാറിൽ താമസിക്കുന്ന ഇയാൾ ഡൽഹിയിൽ ഗസ്റ്റ് ഹൗസും സൗത്ത് ഇന്ത്യൻ റെസ്റ്റോറന്റും നടത്തുകയാണ്. വയനാട് വൈത്തിരിയിൽ ഹോംസ്റ്റേയും ഇയാൾക്കുണ്ട്. പരാതിക്ക് പിന്നാലെ ഇയാൾ കേരളത്തിൽ ഒളിവിൽ പോയതായി കോട്ടയം സ്വദേശിയായ അമ്മ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഒരു ദിവസം കുട്ടി വേദനിക്കുന്നതായി പറഞ്ഞപ്പോഴാണ് വിവരം തിരക്കിയത്. അച്ഛൻ സ്ഥിരമായി സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കാറുള്ളതും മറ്റും കുട്ടി വെളിപ്പെടുത്തി. ഇക്കാര്യം ചോദിച്ചപ്പോൾ ഭർത്താവ് തന്നെ മർദ്ദിച്ചു. ഭീഷണിപ്പെടുത്തി. ജനുവരി നാലിന് പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസും ഭർത്താവിനൊപ്പം നിൽക്കുകയായിരുന്നു. ഭർത്താവ് നിർബന്ധിച്ചതിനെ തുടർന്ന് പരാതി പിൻവലിച്ചു. എന്നാൽ മകളെ വീണ്ടും പീഡിപ്പിച്ചതോടെ ജനുവരി 24ന് ഡൽഹി വനിതാ കമ്മിഷൻ മുഖേനെ പരാതി നൽകി. ഇതിന് പിന്നാലെ ഇയാൾ ഡൽഹി വിട്ടു. സാകേത് കോടതി ഉത്തരവിട്ടതിനെ തുടർന്ന് മാർച്ച് ആറിനാണ് പൊലീസ് എഫ്.ഐ.ആർ ഫയൽ ചെയ്തത്. പോസ്‌കോ നിയമമനുസരിച്ച് കേസെടുക്കാൻ വൈകിയതിനു സരിത വിഹാർ പൊലീസിനോടു കോടതി റിപ്പോർട്ടും തേടിയിരുന്നു. കുട്ടിയെ എയിംസിൽ നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞതായും അമ്മ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |