നിർമ്മല സീതാരാമന് ജി.ജെ.സിയുടെ നിവേദനം
വ്യവസ്ഥ നിലവിൽ വരുന്നത് ഒക്‌ടോബർ ഒന്നിന്
കൊച്ചി: ഒക്‌ടോബർ ഒന്നിന് നിലവിൽ വരുന്ന ഉറവിടത്തിൽ നിന്ന് നികുതി പിരിക്കുന്നത് (ടി.സി.എസ്) സംബന്ധിച്ച വ്യവസ്ഥകൾ പിൻവലിക്കണമെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജുവലറി ഡൊമസ്‌റ്റിക് കൗൺസിൽ (ജി.ജെ.സി) ധനമന്ത്രി നിർമ്മല സീതാരാമന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
1961ലെ ആദായ നികുതി നിയമം സെക്‌ഷൻ 206 സി പ്രകാരമുള്ള വ്യവസ്ഥകളാണ് കേന്ദ്രസർക്കാർ വിപുലീകരിച്ചത്. ഇതിലെ പുതിയ സെക്‌ഷൻ 206 സി (1 എച്ച്) പ്രകാരം മുൻ സാമ്പത്തിക വർഷം 10 കോടി രൂപയിലധികം വിറ്റുവരവുള്ള വ്യാപാരികൾ 50 ലക്ഷം രൂപയ്ക്കുമേലുള്ള വില്പനയ്ക്ക് 0.1 ശതമാനം ടി.സി.എസ് ഈടാക്കണം.
എന്നാൽ, ഈ വ്യവസ്ഥ ലാഭത്തേക്കാൾ വലിയ നികുതിഭാരമാണ് സൃഷ്‌ടിക്കുന്നതെന്നും സ്വർണ വ്യാപാരമേഖലയെ ഇതു പ്രതിസന്ധിയിലാക്കുമെന്നും ജി.ജെ.സി ചെയർമാൻ എൻ. അനന്തപദ്മനാഭൻ, ദേശീയ ഡയറക്‌ടർ എസ്. അബ്‌ദുൽ നാസർ എന്നിവർ പറഞ്ഞു.
വലയ്ക്കുന്ന
നികുതിഭാരം
പുതിയ നികുതി വ്യവസ്ഥ സൃഷ്‌ടിക്കുന്ന അധിക നികുതിഭാരം ഒരുദാഹരണത്തിലൂടെ നോക്കാം:
ഒരു കിലോ സ്വർണത്തിന്റെ ഏകദേശ വില : ₹53 ലക്ഷം
ഈ വിലയിൽ വ്യാപാരിയുടെ അറ്റ ലാഭ മാർജിൻ 0.05% : ₹2,650
നിലവിൽ നൽകുന്ന ആദായ നികുതി ലാഭത്തിന്റെ 30% : ₹795
പുതിയ ടി.സി.എസ് വ്യവസ്ഥ പ്രകാരമുള്ള നികുതി സ്വർണവിലയുടെ 0.1 ശതമാനം : ₹5,300
വ്യാപാരിക്കുണ്ടാകുന്ന അധിക ബാദ്ധ്യത : ₹4,505
പുതിയ ടി.സി.എസ് വ്യവസ്ഥ മൂലധന പ്രതിസന്ധി സൃഷ്‌ടിക്കുമെന്നും വിപണി തകരുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |