കൊച്ചി: കൊവിഡ് കാലത്ത് തിരശീലവീണ സ്റ്റേജ് കലാകാരന്മാരുടെ ജീവിതം കടുത്തപ്രതിസന്ധിയിലേക്ക്. സർക്കാർ തലത്തിൽ ഇളവുലഭിച്ചാലും വേദികൾ കിട്ടാൻ ഇനിയുമേറെ കാത്തിരിക്കണമെന്നതാണ് അവസ്ഥ. നാട്ടിൽ എന്ത് ദുഖവും ദുരന്തവുമുണ്ടായാലും ആദ്യം തിരശീല വീഴുന്നത് സ്റ്റേജ് പ്രോഗ്രാമുകൾക്കും രണ്ടാമത് വിനോദ സഞ്ചാരമേഖലയ്ക്കുമാണ്. കഴിഞ്ഞ രണ്ടുവർഷങ്ങളിലെ പ്രളയകാലത്ത് നഷ്ടപ്പെട്ട സ്റ്റേജ് പ്രോഗ്രാമുകൾ 2020ൽ വീണ്ടെടുപ്പിനൊരുങ്ങിയിരിക്കുമ്പോഴാണ് ഇടിത്തീപോലെ കൊവിഡ് എത്തിയത്. ഇതേത്തുടർന്ന് സമസ്തമേഖലയും അടച്ചുപൂട്ടിയ കൂട്ടത്തിൽ കലാപരിപാടികളും നിറുത്തിവച്ചു. ഇപ്പോൾ വിനോദസഞ്ചാരമേഖലയുൾപ്പെടെ പലമേഖലയ്ക്കും കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചിട്ടും കലാപരിപാടികൾക്കുള്ള നിയന്ത്രണം തുടരുകയാണ്. കൊവിഡിന് മരുന്നോ പ്രതിരോധവാക്സിനൊ കണ്ടുപിടിച്ചാൽപോലും കലാകാരന്മാരുടെ പ്രതിസന്ധി അടുത്ത ഓണക്കാലം വരെയെങ്കിലും തുടരും. അതുകൊണ്ട് പ്രത്യേക പരിഗണന അർഹിക്കുന്ന തങ്ങളെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് കലാകാരന്മാരുടെ പരാതി.
കഴിഞ്ഞ ആറ് മാസത്തിനിടെ സംസ്ഥാന സർക്കാരിൽ നിന്ന് 2000 രൂപമാത്രമാണ് കലാകാരന്മാർക്ക് കിട്ടിയ സഹായം. സ്റ്റേജ് പ്രോഗ്രാമുകൾ ഇല്ലാതായതോടെ ലൈറ്റ് ആൻഡ് സൗണ്ട് ഉൾപ്പെടെ സ്റ്റേജ് അനുബന്ധമേഖലയിൽ മുതൽ മുടക്കിയ നൂറുകണക്കിന് സ്വയം തൊഴിൽ സംരംഭകരും ആയിരക്കണക്കിന് തൊഴിലാളികളും മേളക്കാരുമൊക്കെ കടുത്ത പ്രതിസന്ധിയിലാണ്. മുഖത്ത് ചായംപൂശി വേദികളിൽ നിറഞ്ഞുനിന്ന് മാലോകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന തങ്ങളുടെ കണ്ണുനീർ ആരും കണുന്നില്ലെന്നാണ് കലാകാരന്മാരുടെ പരാതി.പെർഫോമൻസ് ആർട്ടിസ്റ്റുകളും, അവരുടെ പരിശീലകരും ഉൾപ്പെടെ വലിയൊരുവിഭാഗത്തിന്റെ ഉപജീവനമാർഗമാണ് സ്റ്റേജ് പരിപാടികൾ. സ്കൂൾ യുവജനോത്സവം റദ്ദാക്കിയതുകൊണ്ട് നൃത്ത പരിശീലകരും മേയ്ക്കപ്പ് ആർട്ടിസ്റ്റുകളും മുഴുപ്പട്ടിണിയിലായി. സംസ്ഥാനത്ത് സ്വകാര്യമേഖലയിലെ ഏറ്റവുംവലിയ കലാപഠനകേന്ദ്രമായ കൊച്ചിൻ കലാഭവനും പ്രതിസന്ധിയുടെ നടുവിലാണ്. വിവിധ വിഷയങ്ങളിലായി 2400 പഠിതാക്കളും 40 അദ്ധ്യാപകരുമാണ് കലാഭവനിലുള്ളത്. ആറ് മാസമായി ക്ലാസ് മുടങ്ങിയതുകൊണ്ട് അദ്ധ്യാപകരുടെ ഉപജീവനമാർഗം വഴിമുട്ടി. നിരവധി പ്രശസ്തരായ കലാകാരന്മാരെ ലോകത്തിന് സംഭാവന ചെയ്തിട്ടുള്ള കലാഭവന് ഒരു അക്കാദമിക് സ്ഥാപനമെന്ന നിലയിൽ സർക്കാർ തലത്തിൽനിന്ന് യാതൊരു പരിഗണനയും കിട്ടുന്നുമില്ല.
''വീട്ടിൽ ഏത് വിരുന്നുകാരൻ വന്നാലും പൂവൻകോഴിക്ക് കഷ്ടകാലമായിരിക്കുമെന്നതുപോലെ നാട്ടിൽ എന്തു ദുരന്തമുണ്ടായാലും കലാകാരന്മാരുടെ കഞ്ഞികുടിമുട്ടും. നാടകം, ഗാനമേള, മിമിക്സ്, നൃത്തം, ബാലെ, കഥകളി തുടങ്ങിയ സ്റ്റേജ് പരിപാടികളെയാണ് ഇത്തരം പ്രതിസന്ധികൾ രൂക്ഷമായി ബാധിക്കുന്നത്. രണ്ടുവർഷത്തെ പ്രളയവും കൊവിഡും പ്രതിസന്ധിയിലാക്കിയ കലാകാരന്മാരെ സഹായിക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണം.''
:- ഫാ. ചെറിയാൻ കുനിയന്തോടത്ത് ( പ്രസിഡന്റ്),
കെ.എസ്. പ്രസാദ് ( ജനറൽ സെക്രട്ടറി) കൊച്ചിൻ കലാഭവൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |