ഭുവനേശ്വർ: ഒഡീഷയിലെ പുരി ജഗന്നാഥക്ഷേത്രത്തിലെ നാനൂറോളം ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂജാകർമങ്ങൾ നിർവഹിക്കുന്നവർ ഉൾപ്പടെയുളള ജീവനക്കാർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ഒൻപതുപേർ മരിച്ചെന്നാണ് റിപ്പോർട്ട്. പതിനാറുപേർ ഇപ്പോഴും ആശുപത്രിയിലാണെന്നാണ് ക്ഷേത്രഭാരവാഹികൾ പറയുന്നത്. പൂജാരികൾ ഉൾപ്പടെ ക്വാറന്റൈനിലായതോടെ ക്ഷേത്രത്തിന്റെ ദൈനംദിന അനുഷ്ഠാനങ്ങൾക്ക് പ്രയാസം നേരിടുന്നതായും ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിനുള്ളിൽ മാസ്‌ക് ധരിക്കൽ, സാമൂഹ്യ അകലം പാലിക്കൽ ഉൾപ്പടെയുളള കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുളള നടപടി കർശനമാക്കാൻ ജില്ലാകളക്ടറുടെ നേതൃത്വത്തിലുളള അവലോകനയോഗത്തിൽ തീരുമാനമായി.
ഭക്തജനങ്ങൾക്കായി ക്ഷേത്രം തുറന്നു കൊടുക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് ഇത്രയധികം ജീവനക്കാർക്ക് കൊവിഡ് ബാധിച്ചെന്ന വാർത്തപുറത്തുവന്നത്. ക്ഷേത്രം തുറക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയിൽ ഹർജിയും നിലനിൽക്കുന്നുണ്ട്. നവംബറിന് മുൻപ് ക്ഷേത്രം തുറക്കേണ്ടെന്നാണ് പൂജാരിമാരുടെ അഭിപ്രായം.കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ ഉടൻ തുറക്കേണ്ടെന്നാണ് തങ്ങളുടെ നിലപാടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ നോട്ടീസിനുളള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |