കണ്ണൂർ: പിന്നാക്ക സമുദായ പട്ടികയിൽ നിന്ന് പ്രത്യേക ഉത്തരവിലൂടെ മുൻഗണന അർഹിക്കുന്ന വിഭാഗത്തിലേക്ക് മാറ്റിയ മുപ്പതോളം ജാതികളിൽപ്പെട്ട കുട്ടികളുടെ പ്ലസ് വൺ സംവരണം കുരുക്കിൽ. സർക്കാർ ഉത്തരവിലെ അവ്യക്തതയാണ് കാരണം.
വണിക വൈശ്യർ തൊട്ട് മുപ്പാൻ ജാതി വരെയുള്ള 30 വിഭാഗങ്ങളെയാണ് മുൻഗണന അർഹിക്കുന്ന വിഭാഗങ്ങളുടെ പട്ടികയിലേക്ക് മാറ്റിയത്. ഇതനുസരിച്ച്, അപേക്ഷയിൽ ഒ.ഇ.സിയെന്ന് രേഖപ്പെടുത്തി പ്രവേശനം നേടിയവരാണ് വെട്ടിലായത്. വാർഷിക വരുമാനം എട്ടു ലക്ഷം രൂപയിൽ കവിയരുതെന്ന നിബന്ധനയ്ക്ക് വിധേയമായാണ് ഇവർക്ക് ഒ.ഇ.സി പരിഗണന നൽകി 2017 ആഗസ്റ്റ് രണ്ടിന് സർക്കാർ ഉത്തരവിറങ്ങിയത്. എന്നാൽ ഇവർക്ക് ഫീസിളവ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാകുന്നതിനുള്ള നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
അതിനാൽ, ഇവർ ഇപ്പോഴും ഒ.ബി.സിയായാണ് പരിഗണിക്കപ്പെടുന്നത്. താത്കാലിക പ്രവേശനം നേടിയവർ രണ്ടാം അലോട്ട്‌മെന്റിൽ സംവരണ വിഭാഗമെന്ന് രേഖപ്പെടുത്തിയതിന്റെ പേരിൽ പ്രവേശനം അനുവദിക്കപ്പെട്ടാലും സർട്ടിഫിക്കറ്റ് പരിശോധനയിൽ, പുറത്താക്കപ്പെടാം.
പ്രശ്നം സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിലും
ഈ വർഷം സ്‌പോർട്സ് ക്വാട്ടയിൽ പ്രവേശനം ലഭിച്ച കുട്ടികളും ചില അവ്യക്തതകളുടെ പേരിൽ ബുദ്ധിമുട്ട് നേരിടുന്നു. മെറിറ്റിലും സ്‌പോർട്സ് ക്വാട്ടയിലും പ്രവേശനം ഒരേ സമയമായതിനാൽ ഏതെങ്കിലും ഒരവസരം തിരഞ്ഞെടുക്കാനെ പലർക്കും കഴിഞ്ഞുള്ളു. പോയ വർഷങ്ങളിൽ ഇത് രണ്ട് ഘട്ടങ്ങളിലായാണ് ചെയ്തിരുന്നത്. ഭൂരിഭാഗം വിദ്യാർത്ഥികളും അക്ഷയ കേന്ദ്രം വഴിയാണ് അപേക്ഷ സമർപ്പിച്ചിരുന്നത്.
ഡയറക്ടറേറ്റിൽ ബന്ധപ്പെടണം
പ്ലസ് വൺ പ്രവേശനത്തിന് ജാതി സംവരണവുമായി ബന്ധപ്പെട്ട അവ്യക്തതകൾ പരിഹരിക്കാൻ സ്‌കൂൾ പ്രിൻസിപ്പൽ മുഖേന ഹയർസെക്കൻഡറി ഡയറക്ടറേറ്റിലെ ഐ.സി.ടി സെല്ലുമായി ബന്ധപ്പെടണമെന്ന് റീജിയണൽ ഡയറക്ടർ പി.എൻ. ശിവൻ അറിയിച്ചു. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |