തളിപ്പറമ്പ്: പെരുമ്പാമ്പിനെ കൊന്ന സംഭവത്തിൽ ഒരാളെ വനം വകുപ്പ് പിടികൂടി. ഏരുവേശി കുനിയൻപുഴയിലെ കുളങ്ങര വീട്ടിൽ പി.എസ്. സുമേഷിനെയാണ് (40) തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. ജയപ്രകാശ് അറസ്റ്റു ചെയ്തത്.സുമേഷിന്റെ കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
പ്രമുഖ പരിസ്ഥിതി വന്യജീവി സംരക്ഷണ പ്രവർത്തകൻ വിജയ് നീലകണ്ഠന്റെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം തളിപ്പറമ്പ് ചിറവക്കിൽ വെച്ച് ഒരു സംഘമാളുകൾ ചേർന്ന് കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ കഴുത്തിൽ കയർകുടുക്കി ക്രൂരമായി കൊന്നതായിട്ടാണ് പരാതി. പെരുമ്പാമ്പിനെ പീഡിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഇവർ പോസ്റ്റ് ചെയ്തത് ശ്രദ്ധയിൽപെട്ട വിജയ് നീലകണ്ഠൻ ഉന്നത വനം വകുപ്പ് അധികൃതരുമായി ബന്ധപ്പെടുകയും ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് പരാതി നൽകുകയും ചെയ്തു. പരാതി പ്രകാരം റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ സംഭവം നടന്ന സ്ഥലം പരിശോധിച്ചിരുന്നു.
വന്യജീവിനിയമ പ്രകാരം സംരക്ഷിത വിഭാഗത്തിൽ പെട്ടതാണ് പെരുമ്പാമ്പ്. ഇതിനെ പിടിക്കുന്നതും കൊല്ലുന്നതും വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് 7 വർഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഒരു പാമ്പിനെയും കൊല്ലുവാൻ ആർക്കും അധികാരമില്ല. ചില വിഷപ്പാമ്പുകളെ കൊന്നതായി തെളിഞ്ഞാൽ വരെ 25,000 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്.
കെ.വി. ജയപ്രകാശ്, തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |