SignIn
Kerala Kaumudi Online
Wednesday, 07 January 2026 4.10 PM IST

പ്രവാസികളുടെ കൊവിഡ് ടെസ്റ്റിൽ വെള്ളം ചേർത്തു, ലോകത്തിന് മുൻപിൽ രാജ്യത്തെ നാണം കെടുത്തി വളാഞ്ചേരിയിലെ അർമ ലാബ്, തട്ടിയെടുത്തത് 55 ലക്ഷം

Increase Font Size Decrease Font Size Print Page

lab

വളാഞ്ചേരി: കൊവിഡ് പരിശോധനയ്ക്ക് സ്രവം നൽകി പ്രവാസികൾക്കുൾപ്പെടെ വ്യാജ നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി വളാഞ്ചേരി വൈക്കത്തൂരിലെ അർമ ലാബ് തട്ടിയത് 55 ലക്ഷം രൂപ. സംസ്ഥാനത്ത് ആദ്യം കൊവിഡ് ടെസ്റ്റിന് ഐ.സി.എം.ആർ അംഗീകാരം ലഭിച്ച സ്വകാര്യ ലാബുകളിൽ ഒന്നായ മൈക്രോ ലാബിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്. ലോകത്തിന് മുന്നിൽ രാജ്യത്തെയാകെ നാണം കെടുത്തിയിരിക്കുകയാണ് ഈ സംഭവം.

ഇതിന് പിന്നാലെ കോഴിക്കോട് മൈക്രോ ഹെൽത്ത് ലാബിന്റെ സർട്ടിഫിക്കറ്റുകൾ തത്കാലം അംഗീകരിക്കേണ്ടെന്ന് യു.എ.ഇ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. ഇതോടെ കഴിഞ്ഞ ദിവസം കരിപ്പൂർ, കണ്ണൂർ, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലെത്തിയ 250ഓളം പേരുടെ ഗൾഫ് യാത്ര മുടങ്ങി.

2,500ഓളം പേരുടെ സാമ്പിളുകൾ ശേഖരിച്ചപ്പോൾ 490 പേരുടേത് മാത്രം പരിശോധിച്ച് ബാക്കിയുള്ളവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകിയായിരുന്നു ലാബ് തട്ടിപ്പ് നടത്തിയിരുന്നത്. അർമ ലാബിൽ ശേഖരിക്കുന്ന സാമ്പിളുകൾ കോഴിക്കോട്ടെ മൈക്രോ ലാബിലെത്തിച്ചായിരുന്നു പരിശോധന. മൈക്രോ ലാബിന്റെ ഫ്രാഞ്ചൈസിയാണ് അർമ. ശേഖരിച്ചതിൽ കുറച്ചപേരുടെ സാമ്പിളുകൾ മാത്രമേ മൈക്രോ ലാബിലേക്ക് അയച്ചുള്ളൂ. ഒരാളിൽ നിന്ന് 2,750 രൂപയാണ് ഈടാക്കിയത്. ജൂലായ് 15 മുതൽ സെപ്തംബർ 15 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.

സെപ്തംബർ 13ന് പെരിന്തൽമണ്ണ സ്വദേശി കൊവിഡ് പരിശോധനയ്ക്കായി അർമ ലാബിനെ സമീപിച്ചിരുന്നു. 14ന് ഇയാൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകി.15ന് അർമ ലാബിൽ നിന്ന് വിളിച്ച് പരിശോധനയിൽ തെറ്റുണ്ടെന്നും ,വീണ്ടും സ്രവമെടുത്ത് പരിശോധിക്കണമെന്നും അറിയിച്ചു. സംശയം തോന്നി കോഴിക്കോട്ടെ മൈക്രോ ലാബുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ റിസൾട്ട് പോസിറ്റീവാണെന്നും നൽകിയത് വ്യാജസർട്ടിഫിക്കറ്റാണെന്നും അറിയുന്നത്. തുടർന്ന്, വളാഞ്ചേരി പൊലീസ് കഴിഞ്ഞ 16ന് ലാബ് പൂട്ടിച്ചു. നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ച പലർക്കും ഗൾഫിലെ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

തട്ടിപ്പ് ഇങ്ങനെ

നൂറ് സാമ്പിളുകൾ ശേഖരിച്ചാൽ 25 വരെ സാമ്പിളുകളേ മൈക്രോ ലാബിലേക്ക് അയക്കൂ. ബാക്കിയുള്ളവ നശിപ്പിച്ച ശേഷം മൈക്രോ ലാബിന്റെ വ്യാജ ലെറ്റർപാഡുണ്ടാക്കി സർട്ടിഫിക്കറ്റ് നൽകുകയായിരുന്നെന്ന് വളാഞ്ചേരി എസ്.എച്ച്.ഒ കെ.എം. ഷാജി പറഞ്ഞു.

മൈക്രോ ലാബിൽ നിന്ന് ഇമെയിലായി അയച്ചുകൊടുക്കുന്ന റിപ്പോർട്ടുകൾ എഡിറ്റ് ചെയ്ത് ബാക്കിയുള്ളവരുടെ പേര് ചേർക്കുകയായിരുന്നെന്ന് മൈക്രോ ലാബ് വൈസ് പ്രസിഡന്റ് ഹംസ മേലടി പറഞ്ഞു. ഒരു ടെസ്റ്റ് ട്യൂബിൽ തന്നെ പല ആളുകളുടെയും സ്രവം ശേഖരിച്ചിരുന്നതായും കണ്ടെത്തി. സംഭവം വിവാദമായതോടെ അർമ ലാബിലെ കമ്പ്യൂട്ടറിലുള്ള മുഴുവൻ രേഖകളും ഡിലീറ്റ് ചെയ്തിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ഇവ പൊലീസ് വീണ്ടെടുത്തത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ലാബ് ജീവനക്കാരൻ കരേക്കാട് കാട്ടിൽ വീട്ടിൽ അബ്ദുൾ നാസറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഇയാൾ ചികിത്സയിലാണ്. അന്വേഷണസമയത്ത് ലാബുടമ സുനിൽ സാദത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെങ്കിലും ഇപ്പോൾ നെഗറ്റീവായിട്ടുണ്ട്. ഇയാൾ മഞ്ചേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ല. അർമ ലാബിൽ നിന്ന് കൊവിഡ് പരിശോധന നടത്തിയവരോട് വളാഞ്ചേരി പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ നിർദ്ദേശിച്ചിട്ടുണ്ട്.

TAGS: CASE DIARY, COVID TEST, COVID 19, MALAPPURAM LAB, UAE, PRAVASI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY