തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകരുടെ നിയമനങ്ങൾ അംഗീകരിക്കുന്നതിനുള്ള നടപടികൾ ഒമ്പത് മാസത്തിന് ശേഷം പുനരാരംഭിച്ചു.
അദ്ധ്യാപകരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്ന വിദ്യാഭ്യാസ വകുപ്പിന്റെ 'സമന്വയ' സോഫ്ട് വെയറിൽ 'അപ്രൂവൽ' ബട്ടൺ ചൊവ്വാഴ്ച ഓൺ ചെയ്തു. കഴിഞ്ഞ അദ്ധ്യയന വർഷം വരെയുള്ള ഫയലുകളിൽ ഒക്ടോബർ ഏഴിനകം തീർപ്പ് കൽപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്കും ജില്ല/ ഉപജില്ല വിദ്യാഭ്യാസ ഓഫീസർമാർക്കും ഉത്തരവ് നൽകി.
അദ്ധ്യാപക - വിദ്യാർത്ഥി അനുപാതം ഉയർത്താനും നിയമനാംഗീകാരം വിദ്യാഭ്യാസ ഓഫീസർമാരിൽ നിന്ന് മാറ്റി സർക്കാരിൽ നിക്ഷിപ്തമാക്കാനുമുള്ള തീരുമാനത്തെത്തുടർന്നാണ് 'സമന്വയ'യിലെ അപ്രൂവൽ ബട്ടൺ മാസങ്ങൾക്ക് മുൻപ് ഓഫ് ചെയ്തത്. നിയമനാംഗീകാരം നിറുത്തി വച്ചതിനെതിരെ അദ്ധ്യാപകരും മാനേജ്‌മെന്റുകളും ഹൈക്കോടതിയെ സമീപിച്ചു. സോഫ്ട് വെയറിലെ സാങ്കേതിക തകരാറാണ് നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിൽ തടസമായതെന്നാണ് സർക്കാർ കോടതിയിൽ അറിയിച്ചത്. ഈ വാദം അംഗീകരിക്കാതിരുന്ന കോടതി, അർഹതയുള്ള നിയമനങ്ങൾക്ക് അടിയന്തരമായി അംഗീകാരം നൽകണമെന്ന് നിർദ്ദേശിച്ചു . തുടർന്നാണ് ,സർക്കാർ അംഗീകാരം നൽകാനുള്ള നടപടിയിലേക്ക് വീണ്ടും കടക്കുന്നത്. വിദ്യാർത്ഥികളുടെ എണ്ണം കൂടിയതിന്റെ പേരിലുള്ള അധിക തസ്തികകളിൽ നിയമനാംഗീകാരം വിദ്യാഭ്യാസചട്ട ഭേദഗതി അംഗീകരിക്കുന്നവർക്കായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |