
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബഡ്ജറ്റ് ഇന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ ഒമ്പത് മണിക്കാണ് ബഡ്‌ജറ്റ് അവതരണം ആരംഭിക്കുക. ചെയ്യാൻ കഴിയുന്നത് മാത്രമേ പറയൂ എന്നാണ് മന്ത്രി ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയത്. കുട്ടികളെ മുതൽ മുതിർന്നവരെ വരെ പരിഗണിക്കുമെന്നും സ്വപ്‌ന ബഡ്‌ജറ്റല്ല പ്രായോഗിക ബഡ്‌ജറ്റാണെന്നും അദ്ദേഹം പറഞ്ഞു. നല്ല കേരളം കെട്ടിപ്പടുക്കുക എന്നതാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കെ എൻ ബാലഗോപാലിന്റെ ആറാമത്തെ ബഡ്‌ജറ്റ് അവതരണമാണ് ഇന്ന് നടക്കാൻ പോകുന്നത്.
ഇലക്ഷന് മുന്നോടിയായുള്ള ബഡ്ജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഡി എ കുടിശിക തീർക്കൽ, ശമ്പളപരിഷ്കരണം, പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപനങ്ങളും ഉണ്ടാകാം. ക്ഷേമ പെൻഷൻ കഴിഞ്ഞ തിരഞ്ഞെടുപ്പ് വാഗ്ദാനമായ 2500 രൂപയിൽ എത്തിക്കുമെന്ന് പെൻഷൻവാങ്ങുന്ന 62ലക്ഷം പേരും പ്രതീക്ഷിക്കുന്നു. വയോജന, വനിതാ ക്ഷേമപദ്ധതികൾ പ്രഖ്യാപിച്ചേക്കും. യുവജനങ്ങൾക്ക് സംരംഭകത്വ സഹായ പാക്കേജ്, മത്സ്യത്തൊഴിലാളികൾക്ക് സഹായം, അംഗണവാടി ജീവനക്കാർ, ആശാവർക്കർമാർ എന്നിവർക്ക് വേതന വർദ്ധന എന്നിവയും ബഡ്‌ജറ്റിലുണ്ടായേക്കും.
അതിവേഗ പാതയും വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികളും ബഡ്‌ജറ്റ് പരിഗണനയിൽ ഉണ്ടാകുമെന്നും കരുതുന്നുണ്ട്. അഞ്ച് വർഷത്തിനിടെ ഉണ്ടായത് ആശാവഹമായ മാറ്റമാണെന്നും കടമെടുപ്പ് നിരക്കിൽ കാര്യമായ കുറവുണ്ടായെന്നുമാണ് ധനമന്ത്രി ഇന്നലെ പ്രതികരിച്ചത്. സർക്കാർ ജീവനക്കാരോട് ബഡ്‌ജറ്റ് നീതികേട് കാണിക്കില്ല. ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും ധനമന്ത്രി പ്രതികരിച്ചിരുന്നു.
സംസ്ഥാനത്തിന്റെ വരുമാനവും ചെലവും കടവും കൂടിയെന്നാണ് 2024 - 25 വര്‍ഷത്തെ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നത്. ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ച മുന്‍ വര്‍ഷത്തെ 6.73 ശതമാനത്തിൽ നിന്ന് 6.19 ശതമാനമായി കുറഞ്ഞു. സാമ്പത്തിക വെല്ലുവിളികളെ അതിജീവിക്കാൻ ക്രീയാത്മകവും ദീര്‍ഘ വീഷണമുള്ളതുമായി ധനകാര്യ തന്ത്രങ്ങളും കേന്ദ്രവുമായുള്ള സഹകരണവും ആവശ്യമെന്നാണ് ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ടിൽ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |