ടോക്കിയോ : അതിക്രൂരമായ കൊലപാതക പരമ്പരയുടെ ഞെട്ടലിലാണ് ജപ്പാൻ. ' ട്വിറ്റർ കില്ലർ ' എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തകാഹിറോ ഷിറൈഷി എന്ന 29കാരൻ കൊന്നുതള്ളിയത് ഒമ്പത് പേരെയാണ്. ട്വിറ്ററിലൂടെ ഇരകളെ വലവീശി പിടിച്ചതിനാലാണ് ഇയാൾക്ക് ഇങ്ങനെയൊരു പേര്. കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ തന്റെ ഫ്ലാറ്റിൽ നിന്നും കണ്ടെത്തിയതോടെ 2017 ഒക്ടോബറിലാണ് ട്വിറ്റർ കില്ലറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ടോക്കിയോയിലെ കോടതിയിൽ നടന്ന വിചാരണയ്ക്കിടെ തനിക്കെതിരെയുള്ള ആരോപണങ്ങൾ എല്ലാം ശരിയാണെന്ന് ഇയാൾ സമ്മതിച്ചിരുന്നു. എന്നാൽ ട്വിറ്റർ കില്ലറിന് ശിക്ഷയിൽ ഇളവ് നൽകണമെന്നാണ് അഭിഭാഷകൻ പറയുന്നത്. ഇരകളുടെ സമ്മതത്തോടെയാണത്രെ ട്വിറ്റർ കില്ലർ കൊലപാതകങ്ങൾ നടത്തിയതെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. കേസിൽ ട്വിറ്റർ കില്ലറിന് വധ ശിക്ഷ വിധിക്കാനാണ് സാദ്ധ്യത. കേസിന്റെ ആദ്യ വിചാരണ ദിവസമായിരുന്ന ബുധനാഴ്ച 13 പബ്ലിക് ഗാലറികളിലായി 600 ലേറെ പേരാണ് സാക്ഷ്യം വഹിക്കാനെത്തിയത്.
2017 ലാണ് തകാഹിറോ ഷിറൈഷി ട്വിറ്ററിൽ അക്കൗണ്ട് ആരംഭിച്ചത്. ആത്മഹത്യാ പ്രവണത ഉളവാക്കുന്ന പോസ്റ്റുകളിടുന്ന സ്ത്രീകളായിരുന്നു ഇയാളുടെ പ്രധാന ലക്ഷ്യം. ട്വിറ്റർ കില്ലർ കൊന്ന 9 പേരിൽ എട്ടും സ്ത്രീകളായിരുന്നു. ഇതിൽ ഒരാളുടെ പ്രായം 15 ആയിരുന്നു. മരിക്കാൻ സഹായിക്കാമെന്നോ ഒപ്പം മരിക്കാമെന്നോ പറഞ്ഞാണ് ഇയാൾ ഇരകളെ സമീപിച്ചിരുന്നത്. ' ശരിക്കും വേദന അനുഭവിക്കുന്നവരെ സഹായിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. എപ്പോൾ വേണമെങ്കിലും എനിക്ക് നേരിട്ട് സന്ദേശം അയയ്ക്കാം. ' ഇയാളുടെ ട്വിറ്റർ പ്രൊഫൈലിൽ കുറിച്ചിരുന്ന വാക്കുകളാണിവ.
ഒരു യുവതിയുടെ തിരോധനവുമായി ബന്ധപ്പെട്ട് നടന്ന അന്വേഷണമാണ് ട്വിറ്റർ കില്ലറെ കുടുക്കിയത്. കാണാതായ ആ യുവതിയും അപ്പോഴേക്കും അയാളുടെ ഇരയായി മാറിയിരുന്നു. ടോക്കിയോയ്ക്കടുത്തുള്ള സാമാ നഗരത്തിൽ ട്വിറ്റർ കില്ലർ താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒമ്പത് പേരുടെയും മൃതദേഹങ്ങൾ കഷണങ്ങളാക്കി സൂക്ഷിച്ചിരിക്കുന്നു. ! കൂളറുകളിലും ടൂൾ ബോക്സുകളിലുമാണ് ശരീര ഭാഗങ്ങൾ സൂക്ഷിച്ചിരുന്നത്. ഇരകളെ ട്വിറ്റർ കില്ലർ ബലാത്സംഗത്തിനിരയാക്കിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ഇരകളെ സമ്മതത്തോടെ കൊന്നതിനാൽ ട്വിറ്റർ കില്ലറിന് വധശിക്ഷ നൽകരുതെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമാണ് അഭിഭാഷകൻ പറയുന്നത്. ഇതനുസരിച്ച് ഏഴ് വർഷം വരെ തടവ് ലഭിക്കാമെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു. എന്നാൽ അഭിഭാഷകന്റെ അഭിപ്രായത്തോട് ട്വിറ്റർ കില്ലർ ഇതുവരെ യോജിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇരകളുടെ സമ്മതമില്ലാതെ തന്നെയാണ് താൻ കൊലപാതകം നടത്തിയതെന്ന് ട്വിറ്റർ കില്ലർ പറഞ്ഞതായി ഒരു പ്രാദേശിക ജപ്പാനീസ് മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട എല്ലാവരുടെയും തലയുടെ പിന്നിൽ മുറിവുകളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |