ബ്രിട്ടൻ: പതിനഞ്ച് മിനിട്ടിൽ കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്ന ടെസ്റ്റിംഗ് കിറ്റുകൾ രംഗത്തിറക്കി ബെക്ടൺ ഡിക്കിൻസൺ മിനിറ്റുകൾക്കുള്ളിൽ കൊറോണ വൈറസ് ആന്റിജനുകളെ തിരിച്ചറിഞ്ഞ് ഫലം ലഭ്യമാക്കുന്ന ടെസ്റ്റ് കിറ്റുകൾ യൂറോപ്പിൽ ഉടൻ ഉപയോഗത്തിലെത്തും. ഒക്ടോബർ അവസാനത്തോടെ ടെസ്റ്റ് കിറ്റ് യൂറോപ്യൻ വിപണിയിൽ എത്തുമെന്നാണ് കമ്പനി വക്താക്കൾ അറിയിക്കുന്നത്.
മൂക്കിൽനിന്നുള്ള സ്രവങ്ങൾ പരിശോധിച്ച് ആന്റിജൻ സാന്നിദ്ധ്യം തിരിച്ചറിയുന്ന പരിശോധനയാണിത്. കമ്പനിയുടെ തന്നെ വെരിറ്റോർ സിസ്റ്റത്തെ അടിസ്ഥാനമാക്കിയാണ് പുതിയ കൊവിഡ് പരിശോധനയും നടക്കുന്നത്. ബി.ഡിയുടെ വെരിറ്റോർ ടെസ്റ്റിംഗ് സംവിധാനം നേരത്തെ തന്നെ വൈറൽ പനി പരിശോധിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു.
ബെക്ടൺ ഡിക്കിൻസൺ പുറത്തിറക്കുന്ന കൊവിഡ് ടെസ്റ്റിംഗ് കിറ്റ് യൂറോപ്യൻ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിലെ പ്രധാനിയാവുമെന്ന് പ്രതീക്ഷിക്കുന്നതായി ബി.ഡിയുടെ യൂറോപ് മേഖലാ മേധാവിയായ ഫെർണാണ്ട് ഗോൾബ്ലാട്ട് പറഞ്ഞു. ഏപ്രിൽ, മെയ് മാസങ്ങളിൽ കൊവിഡ് മഹാമാരിയുടെ പ്രഭവകേന്ദ്രമായി യൂറോപ്പ് മാറിയിരുന്നു. ഇപ്പോഴും സമാനമായ സാഹചര്യത്തിലേക്കാണ് നാം വീണ്ടും പോവുന്നത്. അതിനാൽ ഇത്തരമൊരു പരിശോധനാകിറ്റിന്റെ ആവശ്യവും വളരെ വലുതാണ് അദ്ദേഹം പറഞ്ഞു.
ഫലം വളരെ പെട്ടന്ന് ലഭിക്കുന്നു എന്നതിനാൽ ആന്റിജൻ പരിശോധനയ്ക്ക് കൊവിഡ് രോഗനിർണയത്തിൽ വലിയ പ്രാധാന്യമാണുള്ളത്. അതേസമയം, ആർ.ടി.പി.സി.ആർ. ടെസ്റ്റിനേക്കാൾ കൃത്യത കുറവ് എന്ന പ്രശ്നവും ആന്റിജൻ ടെസ്റ്റുകൾക്കുണ്ടെങ്കിലും ബി.ഡിയുടെ കിറ്റിലൂടെ 99 ശതമാനം കൃത്യമായ ഫലങ്ങളാണ് ലഭിക്കുന്നതെന്നും കമ്പനി വക്താക്കൾ പ്രതികരിച്ചു.
കിറ്റുകൾ യു.എസ്. വിപണിയിൽ ഇതിനകം എത്തിയിട്ടുണ്ട്. ഒക്ടോബർ അവസാനത്തോടെ 8 ലക്ഷം കിറ്റുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ശമനമില്ലാതെ കൊവിഡ്: വാക്സിനെ
സംശയിച്ച് അമേരിക്കൻ ജനത
മൊഡേണയുടേതടക്കമുള്ള കൊവിഡ് വാക്സിനുകൾ മികച്ച ഫലം പ്രകടിപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടിനിടയിലും അമേരിക്കയിൽ കൊവിഡ് വാക്സിനോടുള്ള ജനങ്ങളുടെ സംശയങ്ങൾ തുടരുകയാണെന്ന് ആക്സിയോസ്-ഇപ്സോസിന്റെ റിപ്പോർട്ട്.
അടുത്തയിടെ നടന്ന സർവേയിൽ നൂറ് ഡോളർ തരാമെന്ന് പറഞ്ഞാൽ പോലും കൊവിഡ് വാക്സിൻ സ്വീകരിക്കില്ലെന്നാണ് അമ്പത് ശതമാനത്തിൽ അധികം പേരും പ്രതികരിച്ചിരിക്കുന്നത്.
ആയിരം പേരിലാണ് ആക്സിയോസ് - ഇപ്സോസ് സർവേ നടത്തിയത്. 26 ശതമാനം പേർ മാത്രമാണ് പണം നൽകി വാക്സിൻ വാങ്ങുമെന്ന് പ്രതികരിച്ചത്. ഹെൽത്ത് ഇൻഷുറൻസുകാർ ചെലവ് വഹിക്കുമെങ്കിൽ വാക്സിൻ സ്വീകരിക്കാമെന്നാണ് ഭൂരിഭാഗം പേരുടേയും നിലപാട്. ഇതേ സർവേയിൽ തങ്ങൾ സ്ഥിരമായി കൺസൾട്ട് ചെയ്യുന്ന ഡോക്ടർ നിർദ്ദേശിച്ചാൽ മാത്രം വാക്സിൻ സ്വീകരിക്കുമെന്ന് 62 ശതമാനം ആളുകൾ വ്യക്തമാക്കിയിട്ടുണ്ട്.
യു.എസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അംഗീകാരം നൽകിയാൽ വാക്സിൻ സ്വീകരിക്കുമെന്ന് 54ശതമാനം ആളുകൾ പ്രതികരിച്ചിട്ടുണ്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകിയാൽ വാക്സിൻ സ്വീകരിക്കാമെന്ന് 19 ശതമാനം പേർ മാത്രമാണ് പ്രതികരിച്ചിരിക്കുന്നത്. വാക്സിൻ സ്വീകരിക്കുന്നതിന് പ്രസിഡന്റിന്റെ അഭിപ്രായം തേടില്ലെന്നാണ് 60ശതമാനം പേരുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |