ഒരാളെ അറസ്റ്റ് ചെയ്തു
ആലപ്പുഴ: മണ്ണഞ്ചേരിയിൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന, 12.5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ എക്‌സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടിച്ചെടുത്തു. സംഭവത്തിൽ മണ്ണഞ്ചേരി പഞ്ചായത്ത് ബ്ലാവത്തു വീട്ടിൽ സുനീറിനെ (37) എക്സൈസ് സി.ഐ ബിജുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് വാടക വീട്ടിൽ സൂഷിച്ചിരുന്ന അഞ്ഞൂറ് കിലോ വരുന്ന 25,000പായ്ക്കറ്റുകൾ പിടിച്ചെടുത്തത്. ചിറയിൽ വീട്ടിൽ നൗഷാദിന്റ ഉടമസ്ഥതയിലുള്ള കെട്ടിടം സുനീർ വാടകയ്ക്കെടുത്ത് അതിലാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. മംഗലാപുരത്ത് നിന്ന് മത്സ്യംകയറ്റി വരുന്ന ഇൻസുലേറ്റഡ് വാഹനങ്ങളിലാണ് ഇവ കൊണ്ടു വന്നത്. ഒരു പാക്കറ്റിന് 50 രൂപ പ്രകാരമാണ് ചില്ലറ വില്പനക്കാർ ഇവ വിറ്റിരുന്നത്.
സുനീർ 1.5ലക്ഷം രൂപയ്ക്കാണ് മൊത്തവ്യാപാര ഏജൻസികളിൽ നിന്ന് ഇവ ശേഖരിച്ചത്. ആലപ്പുഴ, മണ്ണഞ്ചേരി, മുഹമ്മ, കലവൂർ പ്രദേശത്തെ ചെറുകച്ചവടക്കാർക്കാണ് പ്രധാനമായും നൽകുന്നത്. ജില്ലക്കാരനായ ഏജന്റാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് പുകയില ഉത്പന്നങ്ങൾ കൊണ്ട് വരുന്നത്.
തമ്പകച്ചുവട് സ്വദേശികളായ ബാബു, നസീർ എന്നിവരും ഇയാളുടെ സഹായികളാണെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി. കേസെടുത്തെങ്കിലും പിഴ ഈടാക്കിയശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചു. കുട്ടികളുടെ ഉപഭോഗത്തിനായി പുകയില ഉത്പന്നങ്ങൾ ശേഖരിച്ചാൽ മാത്രമേ പിടിയിലായ പ്രതിയെ റിമാൻഡ് ചെയ്യാൻ നിലവിലെ നിയമം അനുവദിക്കുന്നുള്ളൂ എന്നാണ് അന്വേഷണ സംഘം പറയുന്നത്. എക്‌സൈസ് ഇൻസ്പെക്ടർ കെ.അജയൻ, പ്രിവന്റീവ് ഓഫീസർ എ.അജീബ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എച്ച്.മുസ്തഫ, ടി.ഡി.ദീപു, എസ്.ജിനു, ജോൺസൻ ജേക്കബ്, സനൽ സിബി രാജ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |