നദിയുടെ മലിനീകരണവും അനധികൃത മീൻ പിടിത്തവും മത്സ്യ സമ്പത്തിന് ഭീഷണി
തണ്ണിത്തോട്: കല്ലാറ്റിലെ ' ചാകരക്കാലം ' അവസാനിക്കുകയാണ്. മലിനീകരണവും വിഷം കലർത്തിയുള്ള മീൻ പിടിത്തവും മൂലം മത്സ്യ സമ്പത്ത് വൻ ഭീഷണി നേരിട്ടുതുടങ്ങി.
ഇരട്ടകല്ലാർ പദ്ധതിപ്രദേശമായ രണ്ടാറ്റുമൂഴിയിലെ മേടുകളിൽ നിന്ന് ഉത്ഭവിക്കുന്ന കല്ലാറ് വടശേരിക്കരയിൽ വച്ച് പമ്പയിലാണ് ചേരുന്നത്. നദിയൊഴുകുന്ന ഭൂരിഭാഗം പ്രദേശങ്ങളും വനമേഖലയാണ്. ഇതുമൂലം മത്സ്യങ്ങൾ യഥേഷ്ടം ലഭിക്കുമായിരുന്നു. ഏഴാന്തല, തണ്ണിത്തോട്, അടവി, പേരുവാലി, കൊച്ചുതടിപ്പന, വലിയ തടിപ്പന, കുറുവ , ചേറുവാള, മക്കുവള്ളി, കടവുപുഴ തുടങ്ങിയ പ്രദേശങ്ങളിൽ മീൻ പിടുത്തം അന്ന് സാധാരണ കാഴ്ചയായിരുന്നു. ചേറുമീൻ, കല്ലേമുട്ടി, വ്ളാഞ്ഞിൽ, ആരകൻ , പള്ളത്തി, കൂരൽ, വരാൽ, പരൽ തുടങ്ങിയവ യഥേഷ്ടം ലഭിക്കുമായിരുന്നു.
ഇതോടെ മീൻ പിടിക്കാൻ പുറത്തുനിന്നും ആളുകൾ എത്തിത്തുടങ്ങി. നഞ്ചും തുരിശും കലക്കിയും തോട്ടപൊട്ടിച്ചും മറ്റുമാണ് മീൻ പിടിക്കുന്നത്. പറങ്കിമാവിന് തളിക്കുന്ന കീടനാശിനി വെള്ളത്തിൽ കലർത്തി മീൻ പിടിക്കുന്ന രീതിയും അടുത്തകാലത്ത് തുടങ്ങി. ഇതുമൂലം നദിയിലെ എല്ലാ ജീവജാലങ്ങളും വ്യാപകമായി ചത്തൊടുങ്ങും. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴത്തോട്ടത്തിലെ സെൻട്രിഫ്യൂജഡ് ലാറ്റക്സ് ഫാക്ടറിയിലെ മലിനജലം കല്ലാറ്റിലേക്ക് ഒഴുക്കുന്നതും നദിക്ക് വിനയായി. പച്ഛിമഘട്ട പുഴകളുടെ സ്വന്തം മത്സ്യമായ മിസ് കേരള ഒരു കാലത്ത് കല്ലാറ്റിൽ സുലഭമായിരുന്നെങ്കിലും ഇന്നവയെ കാണാനില്ല പുണ്ടയസ് ഡെനിസോ എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന മത്സ്യമാണിത്. മൂന്നടി വരെ നീളമുള്ള തലമീനും, പാമ്പിനെ പോലെയുള്ള ബ്ലാഞ്ഞിലും രണ്ടിഞ്ച് നീളമുള്ള കരിമീന്റെ പതിപ്പായ പള്ളത്തിയും കരയിൽ ഇട്ടാൽ പെട്ടെന്ന് ചാകാത്ത കല്ലേമുട്ടിയും നദിയിൽ നിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. തവള, ആമ, ഞണ്ട്, എന്നിവയും ഭീഷിണി നേരിടുന്നു. അധികൃതർ ഗൗനിക്കാതായതോടെ സമയവും കാലവും നോക്കാതെ മീൻ പിടിത്തം തകൃതിയാണ്. പ്രജനന സമയത്തുള്ള മീൻപിടുത്തവും മത്സ്യങ്ങളുടെ ഉത്പാദനം കുറച്ചു.
കല്ലാറ്റിലെ മത്സ്യങ്ങൾ
ചേറുമീൻ, കല്ലേമുട്ടി, വ്ളാഞ്ഞിൽ, ആരകൻ , പള്ളത്തി, കൂരൽ, വരാൽ, പരൽ, മിസ് കേരള
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |