തിരുവനന്തപുരം: മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്‌ളാസ്‌റൂമുള്ള ആദ്യ സംസ്ഥാനമായി മാറി കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴി ഇക്കാര്യം അറിയിച്ചത്. 16,027 സ്കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തതെന്നും 4752 ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പ്രൈമറി- അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി. മുഖ്യമന്ത്രി വിശദീകരിച്ചു.
ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:
'വിദ്യാഭ്യാസ രംഗത്ത് മുഴുവൻ പൊതുവിദ്യാലയങ്ങളിലും ഹൈടെക് ക്ലാസ്റൂമുള്ള ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയിലെ ആദ്യസമ്പൂർണ്ണ ഡിജിറ്റൽ പ്രഖ്യാപനം ഒക്ടോബർ 12 ന് 11 മണിക്ക് നിർവ്വഹിക്കും.16,027 സ്കൂളുകളിലായി 3,74,274 ഡിജിറ്റൽ ഉപകരണങ്ങളാണ് സ്മാർട് ക്ലാസ്റൂം പദ്ധതിക്കായി വിതരണം ചെയ്തത്. 4752 ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിലായി 45,000 ഹൈടെക് ക്ലാസ് മുറികൾ ഒന്നാം ഘട്ടത്തിൽ സജ്ജമാക്കി. പ്രൈമറി- അപ്പർ പ്രൈമറി തലങ്ങളിൽ 11,275 സ്കൂളുകളിൽ ഹൈടെക് ലാബും തയ്യാറാക്കി.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായാണ് ഹൈടെക് ക്ലാസ് റൂം പദ്ധതി നടപ്പാക്കിയത്. കൈറ്റിന്റെ നേതൃത്വത്തിൽ കിഫ്ബിയുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. എം പി മാർ, എം എൽ എ മാർ എന്നിവരുടെ ആസ്തിവികസനഫണ്ട്, തദ്ദേശ സ്ഥാപനഫണ്ട് എന്നിവ ഉപയോഗിച്ചും ഹൈടെക് ക്ലാസ് മുറികൾ സജ്ജമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസമേഖലയിലെ വൻവിപ്ലവമായി ഹൈടെക് ക്ലാസ് റൂം പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |