തിരുവനന്തപുരം: ഒരു രാഷ്ട്രീയപ്പാർട്ടിയും സ്വീകരിക്കാൻ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തിൽ യു.ഡി.എഫും ബി.ജെ.പിയും സ്വീകരിച്ചിരിക്കുന്നതെന്നും സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദവാക്യമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രസ്താവിച്ചു. അതിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് ഇരുകൂട്ടരും സമരം നടത്തുന്നത്.
സ്വർണക്കടത്ത് കേസിലെ പ്രതി എൻഫോഴ്സ്‌മെന്റിന് നൽകിയതായി പറയുന്ന മൊഴി ബി.ജെ.പിയുടെ മുഖപത്രത്തിൽ മാത്രം ആദ്യം വാർത്തയായി. ഇതിനെ ആധാരമാക്കി മറ്റ് ചാനലുകളും പത്രങ്ങളും വാർത്തകളും ചർച്ചകളും സംഘടിപ്പിച്ചു. പിന്നാലെ മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ബി.ജെ.പി പ്രസിഡന്റിന്റെ പ്രസ്താവന വന്നു. പതിവുപോലെ കോൺഗ്രസും അതാവർത്തിച്ചു. ബി.ജെ.പിയുടെയും യു.ഡി.എഫിന്റേയും നേതൃകേന്ദ്രമായി സ്വപ്ന സുരേഷ് മാറിയിരിക്കുന്നു.
കേരളത്തിലെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്താതിരിക്കാനുള്ള ആസൂത്രിത ശ്രമവും ഇതിന് പിറകിലുണ്ട്. ഇന്ത്യയിലാദ്യമായി പൊതുവിദ്യാഭ്യാസത്തിൽ സമ്പൂർണ ഡിജിറ്റൽ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ദിവസം തന്നെ സമരത്തിന് ഇക്കൂട്ടർ തിരഞ്ഞെടുത്തത് യാദൃശ്ചികമല്ല.
കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഭൂരിപക്ഷം മാദ്ധ്യമങ്ങളും പ്രതിപക്ഷവും സ്വർണക്കടത്ത് എന്ന ഒറ്റ വിഷയത്തിലാണ് കേന്ദ്രീകരിക്കുന്നത്. ആദ്യം പറഞ്ഞത് ആവർത്തിക്കുന്ന രീതിയാണിവർ പിന്തുടരുന്നത്. രാഷ്ട്രീയ താത്പര്യങ്ങൾക്കായി അന്വേഷണ ഏജൻസികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമവും നടക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |