കേരളത്തിൽ 1937 ലാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. രാജാധിപത്യവും സാമ്രാജ്യത്വ താത്പര്യവും ഇല്ലാത്ത, ഫ്യൂഡൽ മേധാവിത്വത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് തുടക്കം മുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി മുന്നോട്ടുവച്ചത്. ആധുനിക കേരളത്തിന്റെ മുന്നേറ്റത്തിൽ നവോത്ഥാന പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണ്. അത്തരം പ്രസ്ഥാനങ്ങൾ മുന്നോട്ടുവച്ച ആശയഗതികളെ മുന്നോട്ടു കൊണ്ടുപോയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. സാമൂഹ്യമായ അവശതകളുടെ പ്രശ്നത്തെ സാമ്പത്തിക സമരങ്ങളുമായി കണ്ണിചേർത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഇടപെടലുകളാണ് ഇന്നത്തെ കേരള സൃഷ്ടിക്ക് അടിസ്ഥാനമായിത്തീർന്നത്.
അത്തരം ഇടപെടലുകൾ കൂടിയാണ് പാർട്ടിയുടെ അടിത്തറ വിപുലപ്പെടുത്താൻ സഹായിച്ച സുപ്രധാന ഘടകം.
ഒാരോ കാലഘട്ടത്തിലും ഉയർന്നുവരുന്ന വികസന പ്രശ്നങ്ങളെ മനസിലാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുന്നതിനും പാർട്ടി ശ്രദ്ധിച്ചു.കേരളത്തിലെ ജനാധിപത്യ സമൂഹത്തിന് വലിയ വെല്ലുവിളിയായാണ് ഭൂരിപക്ഷ- ന്യൂനപക്ഷ വർഗീയ ശക്തികൾ മാറിക്കൊണ്ടിരിക്കുന്നത്. ഇൗ രണ്ട് വർഗീയതയ്ക്കെതിരെയും പൊരുതിക്കൊണ്ടിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.
വർത്തമാന സാഹചര്യത്തിൽ ബി.ജെ.പി. നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിമർശനം ഉന്നയിക്കാത്ത യു.ഡി.എഫിനെയാണ് ഇവിടെ കാണാനാവുന്നത്. ന്യൂനപക്ഷ സംരക്ഷണത്തിന്റെ പേരുപറയുന്ന മുസ്ളിംലീഗ് നേതാക്കൾ പോലും സംഘപരിവാറുമായുള്ള പരസ്യബാന്ധവമെന്ന കാഴ്ചപ്പാട് മുന്നോട്ടുവച്ചുകഴിഞ്ഞു. ജമാഅത്തെ ഇസ്ളാമിയും എസ്.ഡി.പി.എെയും പോലുള്ള സംഘടനകളുമായും തങ്ങൾ യോജിക്കാൻ പോകുന്നുവെന്ന കാര്യവും വ്യക്തമാക്കിക്കഴിഞ്ഞു. ഇങ്ങനെ എല്ലാവിധ വർഗീയതകളെയും താലോലിച്ച് അധികാരം മാത്രം ലക്ഷ്യം കാണുന്ന വലതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായി മതനിരപേക്ഷതയും ജനാധിപത്യവും കേരളത്തിൽ പുലരുന്നതിന് പൊരുതിക്കൊണ്ടിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.
പോരാട്ടങ്ങൾക്ക് പാർട്ടിയെ പ്രാപ്തമാക്കുന്നത് അത് മുന്നോട്ടുവയ്ക്കുന്ന ആശയസംഹിതകളാണ്. അങ്ങനെ പൊരുതുന്ന പാർട്ടിയെ തകർത്ത് തങ്ങളുടെ വർഗീയവും കോർപ്പറേറ്റ് താത്പര്യവും സംരക്ഷിക്കുകയും ചെയ്യുന്ന അജണ്ടകൾ സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ വ്യാജപ്രചരണങ്ങളിലൂടെയും മറ്റും സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇൗ യാഥാർത്ഥ്യം മനസിലാക്കി പാർട്ടിയെയും സംസ്ഥാന സർക്കാരിനെയും സംരക്ഷിക്കുന്നതിന് എല്ലാവരും സന്നദ്ധമാവേണ്ട ഒരുഘട്ടം കൂടിയാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |