ന്യൂഡല്‍ഹി: ലോക വിശപ്പ് സൂചികയില്‍ ഇന്ത്യ പാകിസ്ഥാനെക്കാളും ബംഗ്ലാദേശിനെക്കാളും പിന്നില്‍. ലോകരാജ്യങ്ങളുടെ പട്ടികയില്‍ എട്ടു റാങ്കോളം സ്ഥാനം മെച്ചപ്പെടുത്തിയെങ്കിലും ഇന്ത്യയില്‍ 'ഗുരുതരമായ' പട്ടിണിയുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ജനസംഖ്യയുടെ 14 ശതമാനത്തോളം പേര്‍ പോഷകാഹാരക്കുറവ് നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റാങ്ക് മെച്ചപ്പെടുത്തി
117 രാജ്യങ്ങളുടെ പട്ടികയില്‍ കഴിഞ്ഞ വര്‍ഷം 102 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാല്‍ ഈ വര്‍ഷം ഇന്ത്യ 94-ാം റാങ്കിലേയ്ക്ക് കയറി സ്ഥിതി മെച്ചപ്പെടുത്തി. 27.2 പോയിന്റാണ് ഇത്തവണത്തെ റിപ്പോര്‍ട്ടില്‍ ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്. എന്നാല്‍ സാമ്പത്തികമായി വളരെ പിന്നില്‍ നില്‍ക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളും യുദ്ധക്കെടുതിയിലായ രാജ്യങ്ങളുമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. ഇന്ത്യയുടെ പല അയല്‍രാജ്യങ്ങളും പോഷകാഹാര ലഭ്യതയില്‍ ഇന്ത്യയെക്കാള്‍ മുന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
അയല്‍രാജ്യങ്ങള്‍ മുന്നില്‍
നേപ്പാളിന് പട്ടികയില്‍ 73-ാം റാങ്കും പാകിസ്ഥാന് 88-ാം റാങ്കുമാണുള്ളത്. ബംഗ്ലാദേശിന് വിശപ്പ് സൂചികയില്‍ 75-ാം റാങ്കുണ്ട്. ഇന്തോനേഷ്യയും 70-ാം റാങ്കുമായി സൂചികയില്‍ വളരെ മുന്നിലാണ്. 13 രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യയ്ക്ക് പിന്നിലുള്ളത്. റുവാണ്ട (97), നൈജീരിയ (98), ലൈബീരിയ (102), മൊസാംബിക് (103), ചാഡ് (107) തുടങ്ങിയവയാണ് ഇന്ത്യയെക്കാള്‍ ഗുരുതരമായ പട്ടിണിയുള്ള രാജ്യങ്ങള്‍.
കുട്ടികളിലെ പോഷകാഹാരക്കുറവ് ഇന്ത്യയ്ക്ക് തിരിച്ചടി
പോഷകാഹാരക്കുറവ് മൂലം വളര്‍ച്ചാ മുരടിപ്പുള്ള കുട്ടികളുട എണ്ണത്തിലും ഇന്ത്യ മുന്നിലാണെന്നാണ് കണക്കുകള്‍. രാജ്യത്ത് വളര്‍ച്ചാ മുരടിപ്പുള്ള കുട്ടികളുടെ നിരക്ക് 37.4 ശതമാനമാണെന്നും സൂചികയില്‍ വ്യക്തമാക്കുന്നു. ഐറിഷ് മനുഷ്യാവകാശ സംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സന്നദ്ധസംഘടനയും ചേര്‍ന്നാണ് പ്രതിവര്‍ഷം പുറത്തിറക്കുന്ന റിപ്പോര്‍ട്ടാണ് ലോക വിശപ്പ് സൂചിക (Global Hunger Index). രാജ്യാന്തര തലത്തിലും പ്രാദേശികതലത്തിലുമുള്ള പട്ടിണി വിലയിരുത്തുകയാണ് റിപ്പോര്‍ട്ടിന്റെ ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |