ഇടുക്കി: പ്രധാന അണക്കെട്ടായ ഇടുക്കിയിൽ വെളളം കൂടിയതോടെ കെ എസ് ഇ ബി ഉത്പാദനവും കൂട്ടി. ഇങ്ങനെ ലഭിക്കുന്ന കറണ്ട് വിൽക്കുകയാണ് . ഇന്നലെമാത്രം 40 ലക്ഷത്തോളം യൂണിറ്റാണ് വിറ്റത്. വെളളിയാഴ്ച 34.05ലക്ഷം യൂണിറ്റും വ്യാഴാഴ്ച 18.7ലക്ഷം യൂണിറ്റുമാണ് വിറ്റത്. പക്ഷേ, കറണ്ട് വാങ്ങാൻ പ്രതീക്ഷിച്ചത്ര ആളില്ല. അതിനാൽ വിലയും കുറഞ്ഞു. ഒരു യൂണിറ്റിന് 2.91രൂപയാണ് വില.
കനത്തമഴകാരണം അണക്കെട്ടിൽ ഇപ്പോൾ 92 ശതമാനം വെളളമാണ് ഉളളത്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗമാണെങ്കിൽ കുറവും. ഇതിനനുസരിച്ച് ഉത്പാദനം കുറച്ചാൽ വെളളം വെറുതേ തുറന്നുവിടേണ്ടിവരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ഉത്പാദനം കൂട്ടിയത്.
ഇന്നലെ മൂലമറ്റം നിലയത്തിൽ 10.1യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. ആറുജനറേറ്ററുകളിൽ നാലെണ്ണം മാത്രമേ ഇപ്പോൾ പ്രവർത്തിക്കുന്നുളളൂ. അണക്കെട്ടിലെ ജലനിരപ്പ് ഇനിയും കൂടിയാൽ അടുത്തയാഴ്ചമുതൽ ഉത്പാദനം വീണ്ടും കൂട്ടും. ഇപ്പോൾ 2393.62 അടിയാണ് ജലനിരപ്പ്. മഴകുറഞ്ഞതിനാൽ ഡാമിലേക്കുളള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്.
സംസ്ഥാനത്തെ കെ എസ് ഇ ബി അണക്കെട്ടുകളിൽ ഇപ്പോൾ 86.33 ശതമാനം വെളളമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പ്രധാന പദ്ധതികളായ ഇടുക്കി, പമ്പ, ഷാേളയാർ,ഇടമലയാർ,കുണ്ടള,മാട്ടുപ്പെട്ടി അണക്കെട്ടുകളിൽ 86ശതമാനം വെളളമാണ് ഇപ്പോഴുളളത്.
അതേസമയം കെ എസ് ഇ ബി കറണ്ടുവിൽക്കുന്നുണ്ടെങ്കിലും കേരളം ഇപ്പോഴും കറണ്ട് വാങ്ങുകയാണ്. ദീർഘകാല കരാറായതിനാൽ കറണ്ട് വാങ്ങുന്നത് വേണ്ടെന്നുവയ്ക്കാനാവില്ല എന്നതുതന്നെ കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |