ന്യൂഡൽഹി: കൊവിഡ് വ്യാപനം അതിന്റെ പാരമ്യം കടന്നതായും എല്ലാ സുരക്ഷാ നടപടികളും പാലിച്ചാല്‍ അടുത്ത വര്‍ഷം ആദ്യം പകര്‍ച്ചവ്യാധി നിയന്ത്രണവിധേയമാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച സമിതി അറിയിച്ചു. ഇന്ത്യൻ മെഡിക്കൽ റിസേർച്ചിലെയും ഐ.ഐ.ടികളിലെയും അംഗങ്ങളാണ് സമിതിയിൽ ഉള്ളത്.
എന്നാല്‍ ശൈത്യകാലവും വരാനിരിക്കുന്ന ഉത്സവങ്ങളും അണുബാധയ്ക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയും ഈ ഘട്ടത്തില്‍ വ്യാപനം വീണ്ടും വര്‍ദ്ധിക്കുകയും ചെയ്യും. രോഗബാധിതർ കുറയുന്ന സാഹചര്യത്തില്‍ ആളുകള്‍ എല്ലാ വര്‍ഷത്തെയും പോലെ ഉത്സവങ്ങള്‍ ആഘോഷിക്കാന്‍ പ്രലോഭിപ്പിക്കപ്പെടാം. പക്ഷേ, ജനക്കൂട്ടമാണ് വൈറസ് ബാധയുടെ ഏറ്റവും ഗുരുതരമായ ഉറവിടം.
സുരക്ഷാ നടപടികളിലെ അയവ് ഗണ്യമായ വര്‍ദ്ധനവിന് കാരണമാകും. ഇത് പ്രതിമാസം 26 ലക്ഷം കേസുകളിൽ വരെ കൊണ്ടെത്തിക്കാം. ജനസംഖ്യയുടെ 30 ശതമാനത്തിന് മാത്രമാണ് ഇതുവരെ പ്രതിരോധശേഷി വികസിപ്പിച്ചിട്ടുള്ളതെന്നും സമിതി പറഞ്ഞു. സംരക്ഷണ നടപടികള്‍ തുടരണമെന്ന് സമിതി അടിവരയിട്ടു. ''എല്ലാ പ്രോട്ടോക്കോളുകളും പിന്തുടരുകയാണെങ്കില്‍, ഫെബ്രുവരി അവസാനത്തോടെ ഈ മഹാമാരി നിയന്ത്രിക്കാന്‍ കഴിയും,'' സമിതി പറഞ്ഞു.
പകര്‍ച്ചവ്യാധി അവസാനിക്കുമ്പോഴേക്കും ആകെ രോഗബാധിതർ ഏകദേശം 105 ലക്ഷം ആകാം. നിലവിലെ കണക്ക് 75 ലക്ഷമാണ്. മാർച്ചിൽ ലോക്ക്ഡൗൺ നടപ്പിലാക്കിയില്ലായിരുന്നുവെങ്കിൽ ഈ വര്‍ഷം ആഗസ്റ്റില്‍ ഇന്ത്യയിലെ മൊത്തം മരണങ്ങള്‍ 25 ലക്ഷം കവിയാന്‍ സാദ്ധ്യതയുണ്ടായിരുന്നുവെന്ന് സമിതി അറിയിച്ചു. നിലവില്‍ രാജ്യത്ത് 1.14 ലക്ഷം മരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആഗസ്റ്റ് 22 മുതല്‍ സെപ്തംബര്‍ 2 വരെ ഓണം ആഘോഷിച്ചതിന് ശേഷം സെപ്തംബര്‍ 8ന് രോഗബാധയിൽ കുത്തനെ ഉയര്‍ച്ചയുണ്ടായി, സെപ്തംബറില്‍ കേരളത്തില്‍ അണുബാധ സാദ്ധ്യത 32 ശതമാനം വര്‍ദ്ധിക്കുകയും മെഡിക്കല്‍ പ്രതിരോധത്തിന്റെ ഫലപ്രാപ്തി 22 ശതമാനം കുറയുകയും ചെയ്തതായി സമിതി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |