തിരുവനന്തപുരം: കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ മികച്ച രോഗപ്രതിരോധ ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരത്തിൽ ചിലർ അസ്വസ്ഥരാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അത്തരം ആളുകളാണ് വസ്തുതകൾ മനസിലാക്കാതെയും ചിലപ്പോൾ മനപൂർവ്വം തെറ്റിദ്ധരിപ്പിച്ചും കേരളത്തെ അപമാനിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
'ചൈനയിലെ വുഹാനിൽ കൊവിഡ് വ്യാപനമുണ്ടായ ശേഷം ഇന്ത്യയിലാദ്യം കൊവിഡ് റിപ്പോർട്ട് ചെയ്തത് കേരളത്തിലാണ്. എന്നാൽ ആദ്യഘട്ടത്തിൽ രോഗബാധിതരാരും മരണപ്പെടാതെയും കൂടുതൽ പേരിലേക്ക് വ്യാപനമില്ലാതെയും നാം തടഞ്ഞു. ചൈനയിലും പല ലോകരാജ്യങ്ങളിലും കൊവിഡ് പടർന്നു പിടിച്ചിട്ടും ഉയർന്ന ജനസാന്ദ്രതയുള്ള കേരളത്തിന് കൊവിഡിനെ നേരിടാനായി.' മുഖ്യമന്ത്രി പറയുന്നു.
ശാസ്ത്രീയമായ സമീപനത്തോടെയാണ് സംസ്ഥാനം രോഗത്തെ നേരിട്ടതെന്നും കുറഞ്ഞ കൊവിഡ് മരണനിരക്ക് അതിന്റെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. മെയ് മാസത്തിൽ മരണനിരക്ക് 0.77 ശതമാനമായിരുന്നത് ജൂണിൽ 0.45 ആയി കുറഞ്ഞു. ആഗസ്റ്റിൽ അത് 0.4 ആയി. സെപ്തംബറിൽ 0.38 ആയി. ഒക്ടോബറിൽ ഇതുവരെയുള്ള മരണനിരക്ക് 0.28 ശതമാനമാണ്. ഈ ഘട്ടത്തിലും നമ്മുക്ക് മരണനിരക്ക് കുറച്ചുകൊണ്ടു വരാൻ സാധിക്കുന്നത് അഭിമാനർഹമായ നേട്ടമാണ്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഇക്കാരണങ്ങൾ കൊണ്ടാണ് കേരളത്തിന്റെ രോഗ പ്രതിരോധത്തിന് അംഗീകാരം കിട്ടുന്നതെന്നും അതിനായി സംസ്ഥാനം ഒരു ബഹുമതികളുടെയും പിന്നാലെ പോയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ എവിടെയും പുരസ്കാരത്തിനായി അപേക്ഷയും കൊടുത്തിട്ടില്ലെന്നും നാം നടത്തിയ കഠിന പോരാട്ടത്തിന്റേയും അശ്രാന്ത പരിശ്രമത്തിന്റേയും ഫലമാണ് ലഭിച്ച അംഗീകാരങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ആദ്യമായി കൊവിഡ് പ്രോട്ടോക്കോൾ കൊണ്ടുവന്നതും പ്രതിരോധ മാർഗമായി ദേശീയ ലോക്ക്ഡൗൺ വരുന്നതിനു മുൻപ് ലോക്ക്ഡൗൺ നടപ്പിലാക്കിയതുമായ സംസ്ഥാനം കേരളം ആണെന്നതും അദ്ദേഹം ഓർമിപ്പിച്ചു. രണ്ടാം ഘട്ട സമയത്ത് ഇറ്റലിയിൽ നിന്നും രോഗം കേരളത്തിലേക്ക് എത്തിയതും സംസ്ഥാനത്തിന് കൃത്യസമയത്ത് തടയാനായി. ഓണത്തിന് വ്യാപകമായ ഇളവുകൾ സർക്കാർ നല്കിയെന്നുള്ള വാർത്ത തെറ്റാണ്. മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഇന്നത്തെ അവസ്ഥയെക്കുറിച്ച് കേന്ദ്രമന്ത്രി പറയുന്നത് രോഗവ്യാപനത്തിന്റെ തോത് കൂടിയതിന്റെ ഭാഗമായിട്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വളരെ ചിട്ടയായി പൊയ്ക്കൊണ്ടിരുന്ന ഒരു കാര്യം മറ്റൊരു അവസ്ഥയിലേക്ക് വർദ്ധിക്കുമ്പോൾ എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ എല്ലാവരിലും ഉത്കണ്ഠയുണ്ടാവും. കേരളത്തെ എല്ലായ്പ്പോഴും പ്രശംസിച്ചയാളാണ് കേന്ദ്ര ആരോഗ്യമന്ത്രിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |