കൊച്ചി : തിരുവനന്തപുരം എയർപോർട്ട് 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിനു പാട്ടത്തിനു നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഹൈക്കോടതി ശരിവച്ചു. സംസ്ഥാന സർക്കാരടക്കം നൽകിയ എട്ട് ഹർജികൾ തള്ളിയാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ, മുൻസ്പീക്കർ എം. വിജയകുമാർ തുടങ്ങിയവരുടെ ഹർജികളും ഇവയിലുൾപ്പെടുന്നു. ടെൻഡർ നടപടികളിൽ പങ്കെടുത്ത് വിജയിക്കാതെ വന്നപ്പോൾ കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാനാവില്ല. കിട്ടാത്ത മുന്തിരി പുളിക്കുമെന്ന പഴഞ്ചൊല്ലിനുദാഹരണമാണിതെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഡിസംബറിൽ ഇതേ ഹർജികൾ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ ഹർജികൾ വീണ്ടും ഹൈക്കോടതിയിലേക്ക് മടക്കി. തുടർന്നാണ് ഡിവിഷൻ ബെഞ്ച് വീണ്ടും വാദം കേട്ടത്.
ഹൈക്കോടതി വിധിയിൽ നിന്ന്
വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യ മേഖലയ്ക്കു കൈമാറുന്നതിൽ പൊതുതാത്പര്യമില്ലെന്ന വാദം ശരിയല്ല. സ്വകാര്യ മേഖല വരുന്നതോടെ വികസനത്തിനു പണം ചെലവഴിക്കേണ്ടി വരില്ല. സുരക്ഷയടക്കമുള്ള കാര്യങ്ങളിൽ എയർപോർട്ട് അതോറിട്ടിക്ക് ശ്രദ്ധിക്കാനാവും
എയർപോർട്ടിനു വേണ്ടി 27 ഏക്കർ ഏറ്റെടുത്തു നൽകിയെന്നതുകൊണ്ട് ടെൻഡറിലും തുടർന്നുള്ള നടപടികളിലും സർക്കാരിന് പ്രത്യേക പരിഗണന ആവശ്യപ്പെടാൻ കഴിയില്ല. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് നടത്തിപ്പു കൈമാറുന്നത്
അദാനി ഗ്രൂപ്പിനെ മുന്നിൽ കണ്ടാണ് ടെൻഡർ വ്യവസ്ഥകൾ തയ്യാറാക്കിയതെന്ന വാദം നിലനിൽക്കില്ല. ആറ് എയർപോർട്ടുകളുടെ സ്വകാര്യവത്കരണത്തിനായി ഗ്ളോബൽ ടെൻഡറാണ് വിളിച്ചത്. പത്തു സ്ഥാപനങ്ങളിൽ നിന്നായി 36 ടെൻഡറുകൾ ലഭിച്ചു.
എയർപോർട്ട് നടത്തിപ്പിൽ മുൻപരിചയം വേണമെന്ന വ്യവസ്ഥ ഒഴിവാക്കിയെന്നാണ് മറ്റൊരു ആരോപണം. ഇങ്ങനെ ചെയ്താൽ പരിചയമുള്ള കമ്പനികളുടെയിടയിൽ മാത്രമുള്ള ടെണ്ടറായി മാറുമായിരുന്നെന്ന എയർപോർട്ട് അതോറിട്ടിയുടെ വാദം ശരിവയ്ക്കുന്നു
പൊതു - സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളുടെ മാർഗരേഖകളിൽ കോടതിക്ക് ഇടപെടാനാവില്ല. നടപടിക്രമങ്ങൾ നിയമപരമല്ലേയെന്നു മാത്രമേ പരിശോധിക്കാനാവൂ. സർക്കാരിന്റെ നയതീരുമാനങ്ങളിൽ കോടതിക്ക് ഇടപെടാൻ കഴിയില്ല
സ്വകാര്യവത്കരണത്തെത്തുടർന്ന് ജീവനക്കാർ ഉന്നയിക്കുന്ന ആശങ്കകൾക്കും അടിസ്ഥാനമില്ല. എയർപോർട്ട് അതോറിട്ടിയിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർക്ക് ആ ഓപ്ഷൻ തിരഞ്ഞെടുക്കാൻ അവസരമുണ്ട്
വിമാനത്താവളം: സർക്കാർ സുപ്രീംകോടതിയിലേക്ക്
തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയത് അംഗീകരിച്ച ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയേക്കും. സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സർക്കാരിന്റേതാണെന്നും സർക്കാരിന്റെ അനുമതിയില്ലാതെ ഇവിടെ അദാനിക്ക് വികസനം പറ്റില്ലെന്നുമുള്ള വാദമുയർത്തിയാവും അപ്പീൽ നൽകുക.
ലേലം റദ്ദാക്കി വിമാനത്താവള നടത്തിപ്പ് ചുമതല സർക്കാരിന്റെ കമ്പനിയായ ടിയാലിന് നൽകണം അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ നടത്തിപ്പ് തുടരണം - ഇതാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.
ഹൈക്കോടതി വിധി നിർഭാഗ്യകരമാണെന്നും ഇനി നിയമപോരാട്ടത്തിനൊപ്പം ജനകീയ പ്രക്ഷോഭവും ഉയരുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വിമാനത്താവളം കൈമാറ്റത്തിനുള്ള ലേലത്തിൽ പങ്കെടുത്ത ശേഷം അതിനെ ചോദ്യം ചെയ്ത് കോടതിയിൽ പോയ സർക്കാർ തിരിച്ചടി ഏറ്റുവാങ്ങിയെങ്കിലും സുപ്രീംകോടതിയെ സമീപിച്ച് കൈമാറ്റത്തിന് ഏതു വിധേനയും തടയിടാനാണ് നീക്കം. തുടർനടപടികളിൽ സഹകരിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് നേരത്തേ അയച്ച കത്തിൽ മുഖ്യമന്ത്രി സൂചിപ്പിച്ചിരുന്നു.
നിയമപോരാട്ടം ഇതുവരെ
സംസ്ഥാന സർക്കാർ, കെ.എസ്.ഐ.ഡി.സി, മുൻ സ്പീക്കർ എം. വിജയകുമാർ, എയർപോർട്ട് അതോറിട്ടി എംപ്ളോയീസ് യൂണിയൻ എന്നിവർ നൽകിയ ഹർജികൾ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള തർക്കം ഇവിടെയല്ല ചോദ്യം ചെയ്യേണ്ടതെന്നു വ്യക്തമാക്കി കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി തള്ളി
ഇതിനെതിരായ അപ്പീലിൽ കേസിന്റെ മെരിറ്റ് പരിഗണിച്ച് ഹൈക്കോടതി വാദം കേൾക്കണമെന്ന് ഫെബ്രുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടു
സ്വകാര്യവത്കരണം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റേതുൾപ്പെടെ ഹർജികൾ ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് അദാനിയുമായി പാട്ടക്കരാറൊപ്പിട്ടത്
വിമാനത്താവളം കൈമാറ്റം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സ്റ്റേ ലഭിച്ചില്ല. വിശദമായ വാദംകേട്ട ശേഷമാണ് നടത്തിപ്പ് അദാനിക്ക് കൈമാറുന്നത് ശരിവച്ചുള്ള ഉത്തരവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |