ലണ്ടൺ : ലോകത്തിലെ മുൻനിര ശാസ്ത്ര ഗവേഷണ സ്ഥാപനമായ ജനീവയിലെ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിൽ സ്ഥാപിച്ചിരിക്കുന്ന കൂറ്റൻ നടരാജ വിഗ്രഹത്തെ കുറിച്ച് കുറച്ചു ദിവസമായി സമൂഹമാദ്ധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ശാസ്ത്രവും വിശ്വാസങ്ങളും തമ്മിലുള്ള അന്തരത്തെക്കുറിച്ച് ചർച്ചകൾ നടക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ കണിക ഭൗതികശാസ്ത്ര ലാബായ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിൽ നടരാജ പ്രതിമ എന്തിന് സ്ഥാപിച്ചു എന്നാണ് ചോദ്യമുയരുന്നത്.
ശൂന്യതയിൽ നിന്നും ഇക്കാണുന്ന പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്ന ആധുനിക പ്രപഞ്ച സിദ്ധാന്തങ്ങളുമായി നന്നായി യോജിക്കുന്നതിനാലാണ് ഈ വിഗ്രഹം ഇവിടെ സ്ഥാപിച്ചിട്ടുള്ളതെന്ന മറുപടിയാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ ഈ പ്രതിമ ഇവിടെ എങ്ങനെ എത്തി എന്നതിനുള്ള ശരിക്കുള്ള ഉത്തരം ഇതൊന്നുമല്ല എന്നതാണ് വാസ്തവം.
ഭൗതിക ശാസ്ത്രത്തിൽ ലോകത്തിലെ തന്ന ഏറ്റവും വലുതും ശ്രദ്ധേയവുമായി ശാസ്ത്ര പഠന കേന്ദ്രമാണ് യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ച്. ദ്രവ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളായ കണങ്ങളെ പഠിക്കുവാനായി ലോകത്തിലെ തന്നെ ഏറ്റവും വലുതും ശക്തവുമായ കണികാ ആക്സിലറേറ്ററായ ലാർജ് ഹാഡ്രൺ കൊളൈഡർ (എൽഎച്ച്സി) ഇവിടെയുണ്ട്. 1954 ൽ സ്ഥാപിതമായ ഈ ശാസത്ര ഗവേഷണ സ്ഥാപനവുമായി 1960 മുതൽക്ക് ഇന്ത്യ സഹകരിക്കുന്നുണ്ട്. രാജ്യത്തെ ശാസ്ത്ര ഗവേഷണ പുരോഗതിക്കായി ഇവിടെയുള്ള പഠനങ്ങളുടെ ഫലങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. നിലവിൽ യൂറോപ്യൻ ഓർഗനൈസേഷൻ ഫോർ ന്യൂക്ലിയർ റിസർച്ചിലെ അസോസിയേറ്റ് അംഗരാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിനായി ഇന്ത്യൻ സർക്കാർ സമ്മാനിച്ച പ്രതിമയാണ് രണ്ട് മീറ്റർ ഉയരമുള്ള നടരാജ പ്രതിമയാണെന്നതാണ് വാസ്തവം. സ്ഥാപനത്തിലുള്ള നിരവധി പ്രതിമകളിൽ ഒരെണ്ണമാണ് ഇത്. ശക്തിയെ പ്രതിനിധീകരിക്കുന്ന നൃത്ത ശിൽപ്പമായതിനാലാണ് ഇന്ത്യ സമ്മാനമായി നടരാജ പ്രതിമ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |