തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ നെയ്യാറ്രിൻകരയിലെ കേരള ആട്ടോമൊബൈൽ ലിമിറ്റഡ് (കെ.എ.എൽ) നിർമ്മിച്ച 25 ഇലക്ട്രിക് 'നീം ജി" ബ്രാൻഡ് ഓട്ടോറിക്ഷകൾ നേപ്പാളിലേക്ക് കയറ്റുമതി ചെയ്തു. 12 ദിവസം കൊണ്ടിത് നേപ്പാളിലെത്തും.
നേപ്പാളിലേക്കുള്ള ആദ്യ ബാച്ച് ഇ-ഓട്ടോകളുടെ കയറ്റുമതി സെൻട്രൽ സ്റ്റേഡിയത്തിൽ മന്ത്രി ഇ.പി. ജയരാജൻ ഫ്ളാഗ് ഓഫ് ചെയ്തു. രണ്ട് ട്രക്കുകളാണ് ഓട്ടോകളുമായി ഇന്നലെ രാത്രി പുറപ്പെട്ടത്. വാഹന രേഖകൾ നേപ്പാളിലെ ഡീലർമാർക്ക് മന്ത്രി കൈമാറി.
സർക്കാരിന്റെ ഇടപെടലുകളും കെ.എ.എൽ ജീവനക്കാരുടെ പരിശ്രമവുമാണ് നഷ്ടത്തിലായിരുന്ന സ്ഥാപനത്തെ ഉയർച്ചയിലെത്തിച്ചതെന്ന് മന്ത്രി പറഞ്ഞു. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഓട്ടോകൾ കയറ്റിഅയയ്ക്കും. കെനിയ, ഈജിപ്ത് തുടങ്ങി രാജ്യങ്ങളിൽ നിന്നും അന്വേഷണമുണ്ട്.
സർക്കാർ 24 കോടി രൂപയാണ് കെ.എ.എല്ലിന് നൽകിയത്. കൊവിഡ് ആശ്വാസമായി അഞ്ച് കോടി രൂപ കൂടി നൽകും. പൊതുമേഖലാ സ്ഥാപനങ്ങളെ മെപ്പെടുത്തുകയാണ് സർക്കാർ നയം. കെ.എം.എം.എല്ലിൽ ആധുനിക ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചതുവഴി വർഷം 12 കോടി ലാഭിക്കാനായി. ഇവിടെ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ വയനാട്ടെയും കോഴിക്കോട്ടെയും ആരോഗ്യസ്ഥാപനങ്ങൾക്ക് നൽകുന്നു. പൊതുമേഖലയിലെ ഒഴിവുകളെല്ലാം നികത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കെ. അൻസലൻ എം.എൽ.എ., റിയാബ് ചെയർമാൻ ശശിധരൻ നായർ, കെ.എ.എൽ ചെയർമാൻ കരമന ഹരി, മാനേജിംഗ് ഡയറക്‌ടർ എ. ഷാജഹാൻ, മാനേജർ പി. അജിത് കുമാർ എന്നിവർ പങ്കെടുത്തു.
വനിതകൾക്ക്
ഇ-ഓട്ടോ
എല്ലാ ജില്ലകളിലും, വ്യവസായ വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന വനിത സഹകരണ സംഘങ്ങളിലെ 25 പേർക്ക് ഇ-ഓട്ടോ സബ്സിഡിയോടെ നൽകുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |