ന്യൂഡൽഹി : ലഡാക്കിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം അനന്തമായി നീളുമ്പോൾ വ്യത്യസ്തമായ വഴികളിലൂടെ ചൈനയെ പ്രതിരോധിക്കുവാനുള്ള വഴികൾ തേടുകയാണ് കേന്ദ്ര സർക്കാർ. ഇതിന്റെ ആദ്യ പടിയെന്നോണം നൂറുകണക്കിന് ചൈനീസ് ആപ്പുകളെ കേന്ദ്രം നിരോധിച്ചിരുന്നു. ടിക്‌ടോക്ക് അടക്കമുള്ള പ്രശസ്ത ഗെയിമുകൾക്ക് ഇന്ത്യ ഏർപ്പെടുത്തിയ നിരോധനം മറ്റു രാഷ്ട്രങ്ങളും പിന്തുടർന്നതോടെ ചൈന പരുങ്ങലിലായിരുന്നു. രാജ്യ സുരക്ഷയ്ക്ക് വെല്ലുവിളി ഉയർത്തുന്നു എന്ന കാരണത്താലാണ് നിരവധി രാജ്യങ്ങൾ ചൈനീസ് ആപ്പിനോട് വിടപറയുന്നത്.
ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ചൈനീസ് കമ്പനികൾ രാജ്യത്ത് നടത്തുന്ന നിക്ഷേപങ്ങളിലും ശ്രദ്ധവയ്ക്കാൻ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിൽ നിന്നുമുള്ള നിക്ഷേപങ്ങൾക്ക് അനുമതി തേടണം എന്നാണ് കേന്ദ്രം തീരുമാനിച്ചത്. ഇത് ചൈനയെ ഉദ്ദേശിച്ച് മാത്രമായിരുന്നു. ഇതിന് തുടർച്ചയെന്നോണം ഇന്ത്യയിലെ സർവകലാശാലകളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനും ഇപ്പോൾ അനുമതി നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. മുൻനിശ്ചയ പ്രകാരം ഇന്ത്യയിലെ ഏഴോളം സർവകലാശാലകളിൽ കൺഫ്യൂഷ്യസ് ക്ലാസ് ആരംഭിക്കുവാൻ ധനസഹായം നൽകുന്ന ചൈനീസ് ലാംഗ്വേജ് കൗൺസിൽ ഇന്റർനാഷണൽ നടത്തുന്ന നീക്കത്തിലും പരിശോധന നടത്തുവാൻ കേന്ദ്രം തീരുമാനിച്ചിരിക്കുകയാണ്. അവലോകനം നടത്തിയതിന് ശേഷമേ ഇത്തരത്തിലുള്ള വിദ്യാഭ്യാസ പരിപാടികളുമായി മുന്നോട്ട് പോകാൻ ഇന്ത്യയിലെ സർവകലാശാലകൾക്ക് അനുമതി ലഭിക്കുകയുള്ളു.
ചൈനീസ് ഭാഷയും സാംസ്‌കാരവും പ്രചരിപ്പിക്കുവാൻ ഉദ്ദേശിച്ചുകൊണ്ടുള്ള കൺഫ്യൂഷ്യസ് ക്ലാസ് പ്രോഗ്രാമുകൾ വിവിധ രാജ്യങ്ങളിൽ നടപ്പിലാക്കി വരുന്നു. എന്നാൽ അമേരിക്ക, ഓസ്‌ട്രേലിയ പോലെയുള്ള രാജ്യങ്ങൾ സംശയദൃഷ്ടിയോടെയാണ് ഇതിനെ കാണുന്നത്. ചൈനീസ് സർക്കാർ നടത്തുന്ന ആഗോള വിദ്യാഭ്യാസ പദ്ധതികളുടെ വിദേശ പ്രചാരണ ദൗത്യമായിട്ടാണ് കോൺഫ്യൂഷ്യസ് ഇൻസ്റ്റിറ്റ്യൂട്ടുകളെ യു എസ് മുദ്രകുത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |