ന്യൂഡൽഹി : 2023ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയെ വേരോടെ പിഴുതെറിയണമെന്ന് പാർട്ടിപ്രവർത്തകരോട് ആഹ്വാനം ചെയ്ത ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിനെതിരെ സി.പി.എം. ബിപ്ലബിനെ ഹിറ്റ്‌ലറിനോടാണ് സി.പി.എം താരതമ്യപ്പെടുത്തിയത്. ബിപ്ലബ് ഒരു ചെറിയ ഹിറ്റ്‌ലർ ആണെന്നും ചരിത്രം ബിപ്ലബിനോട് പൊറുക്കില്ലെന്നും സി.പി.എം വ്യക്തമാക്കി.
' 2023 നിയമസഭാ തിരഞ്ഞെടുപ്പ് വരെ നമ്മൾ ഒരു കാര്യത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കണം. കമ്മ്യൂണിസ്റ്റുകാരുടെ വിത്തുകൾ ത്രിപുരയിൽ നിന്നും വേരോടെ പിഴുതുകളയണം. ആ ദിശയിലേക്കാണ് നമ്മൾ പ്രവർത്തിക്കേണ്ടത്. ' ദലായ് ജില്ലയിൽ ഞായറാഴ്ച നടത്തിയ ഒരു പാർട്ടി പരിപാടിയ്ക്കിടെ ബിപ്ലബ് പറഞ്ഞു.
' ഭരണഘടനാ പദവിയിലിരുന്ന് ഒരു മുഖ്യമന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്താൻ പാടില്ല. ഒരു ഫാസിസ്റ്റിന്റെ ശബ്ദമാണ് ബിപ്ലബിൽ നിന്നും ഉയർന്നത്. ' പാർട്ടിയുടെ പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്ത് ബി.ജെ.പി - ഐ.പി.എഫ്.ടി സർക്കാരിന് കീഴിൽ ജനാധിപത്യം ചവിട്ടിമെതിക്കപ്പെട്ടെന്നും 31 മാസത്തെ ഭരണക്കാലയളവിനിടെ നിരവധി പ്രതിപക്ഷ പാർട്ടി നേതാക്കളും ആക്ടിവിസ്റ്റുകളും കൊലപ്പെട്ടുവെന്നും പാർട്ടി ഓഫീസുകൾ അഗ്നിക്കിരയായെന്നും സി.പി.എം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |