തിരുവനന്തപുരം: തട്ടിപ്പ് നടത്തിയെന്ന പരാതിയിന്മേൽ മുൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുമ്മനത്തിനെതിരെ കേസെടുത്തത് രാഷ്ട്രീയം നോക്കിയല്ലായെന്നും ഏത് രാഷ്ട്രീയക്കാരനാണെന്ന് നോക്കി കേസ് എടുക്കുന്ന രീതി നമ്മുടെ സംസ്ഥാനത്തില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.
ആക്ഷേപങ്ങൾ വരുമ്പോൾ അതിന്റെ ഭാഗമായി പരിശോധനകൾ വരുന്നു. അതിലൂടെ കേസ് വരുന്നു എന്ന് മാത്രമേയുള്ളൂ. അദ്ദേഹം വ്യക്തമാക്കി. പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഭരണസമിതിയിലേക്ക് കേന്ദ്ര സർക്കാർ നിർദേശിച്ച വ്യക്തിയാണ് കുമ്മനം രാജശേഖരൻ എന്നതുകൊണ്ട് കേസിന്റെ കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമോ എന്ന മാദ്ധ്യമപ്രവർത്തകന്റെ ചോദ്യത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു.
പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കാര്യം വേറൊരു വിഷയമാണെന്നും കേസിന്റെ കാര്യം അതിന്റെ വഴിക്ക് പോകും എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ക്ഷേത്ര സമിതിയുടെ കാര്യം മറ്റൊരു വിഷയമായാണ് പരിശോധിക്കേണ്ടതെന്നും അതിന്റെ ഭാഗമായി ഇപ്പോൾ എന്തെങ്കിലും 'അറിയിപ്പ്' കൊടുക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്തു 28.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ. ഹരികൃഷ്ണന്റെ പരാതിയിലാണ് കുമ്മനത്തിനെതിരെ തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും ആറന്മുള പൊലീസ് കേസെടുത്തത്. കുമ്മനം അടക്കം 9 പേരാണ് കേസിലെ പ്രതികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |