സോൾ : ചൈനയിൽ നിന്നും വീശുന്ന മഞ്ഞനിറത്തിലെ പൊടിക്കാറ്റ് കൊവിഡിന് കാരണക്കാരായ കൊറോണ വൈറസിനെ വഹിച്ചുകൊണ്ടുവരുമെന്നും അതുകൊണ്ട് ആരും പുറത്തിറങ്ങരുതെന്നും വീടിന്റെ ജനാലകൾ അടച്ചിടണമെന്നും പൗരന്മാരോട് നിർദ്ദേശിച്ച് ഉത്തര കൊറിയ. ഭരണകൂടത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് തലസ്ഥാന നഗരമായ പ്യോംഗ്യാംഗ് കഴിഞ്ഞ ദിവസം ഏതാണ്ട് വിജനമായിരുന്നു എന്നാണ് റിപ്പോർട്ട്.
രാജ്യത്ത് ആർക്കും കൊവിഡ് ഇല്ലെന്ന് പറയുന്നുണ്ടെങ്കിലും ജനുവരി മുതൽ തന്നെ ഉത്തര കൊറിയയിൽ അതിർത്തികൾ അടഞ്ഞു കിടക്കുകയാണ്. സഞ്ചാര സ്വാതന്ത്യത്തിനും വിലക്കുകൾ ഉണ്ട്. അതേ സമയം, എല്ലാ വർഷവും ഇതേ സമയം ഉത്തര കൊറിയയിൽ കാണപ്പെടുന്നതാണ് ഈ പൊടി നിറഞ്ഞ മേഘങ്ങൾ. ഇതിന് കൊവിഡുമായി യാതൊരു ബന്ധവുമില്ല. ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ അധീനതയിലുള്ള കൊറിയൻ സെൻട്രൽ ടെലിവിഷൻ ( കെ.സി.ടി.വി ) വഴിയാണ് വിചിത്ര മുന്നറിയിപ്പ് നൽകിയത്.
മഞ്ഞപ്പൊടി നിറഞ്ഞ അന്തരീക്ഷത്തിൽ ആരും പുറത്തിറങ്ങരുതെന്നും രാജ്യവ്യാപകമായി ഔട്ട്ഡോർ കൺസ്ട്രക്ഷൻ ജോലികൾ നിരോധിച്ചതായും അറിയിച്ചു. ചൈനീസ്, മംഗോളിയൻ മരുഭൂമികളിൽ നിന്നും ദക്ഷിണ കൊറിയ, ഉത്തര കൊറിയ എന്നിവിടങ്ങളിലേക്ക് നിശ്ചിത സീസണിൽ വീഴുന്നതാണ് മഞ്ഞ പൊടിക്കാറ്റ് അഥവാ യെല്ലോ ഡസ്റ്റ്. സാധാരണ പൊടിക്കാറ്റുകളെ പോലെ തന്നെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ഇവ കാരണമാകാം.
എന്നാൽ ഈ കാറ്റ് ചൈനയിൽ നിന്നും കൊറോണ വൈറസിനെയും വഹിച്ചു വരുമെന്നാണ് ഉത്തര കൊറിയൻ ഭരണകൂടം ജനങ്ങളോട് പറയുന്നത്. കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് കാട്ടിയാണ് ഉത്തര കൊറിയൻ ഭരണകൂടം മുന്നറിയിപ്പ് നൽകിയത്. എന്നാൽ കൊവിഡ് ബാധിതനായ ഒരാൾ ചുമയ്ക്കുന്നതോ തുമ്മുന്നതോ വഴിയാണ് വായുവിലൂടെ മറ്റൊരാളിലേക്ക് രോഗം പ്രധാനമായും പകരുന്നത്. അതേ സമയം, ചൈനയിൽ നിന്നുള്ള മഞ്ഞ പൊടിക്കാറ്റ് കൊവിഡ് 19 പടർത്തുമെന്ന ഉത്തര കൊറിയയുടെ മുന്നറിയിപ്പ് ദക്ഷിണ കൊറിയ തള്ളി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |