ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ സ്വപ്‌നപദ്ധതിയായ ആത്മനിർഭർ ഭാരതിന് ശക്തിപകരുന്ന നിർദേശം നടപ്പാക്കാൻ ഒരുങ്ങി പ്രതിരോധ മന്ത്രാലയം. ഇന്ത്യയെ സ്വയംപര്യാപ്‌തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മന്ത്രാലയത്തിന്റെ നടപടി. ആദ്യപടിയായി സൈനിക ക്യാന്റീനുകളിലേക്ക് വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്‌പനങ്ങൾ വാങ്ങുന്നത് നിർത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. രാജ്യത്തെ 4000 സൈനിക ക്യാന്റീനുകളിൽ സർക്കാർ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകി. വിദേശ മദ്യത്തിനടക്കം നിരോധനം വന്നേക്കുമെന്നാണ് വിവരം. ഭാവിയിൽ ഇറക്കുമതി ചെയ്യുന്ന വസ്‌തുക്കളുടെ സംഭരണം അനുവദിക്കില്ലെന്നാണ് പ്രതിരോധ മന്ത്രാലയം പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവിലെ നിർദേശം.
രാജ്യത്തെ സൈനികർക്കും വിരമിച്ച സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും കുറഞ്ഞ വിലയ്ക്ക് മദ്യം, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങൾ തുടങ്ങി സാധനങ്ങൾ വിൽക്കുന്ന സൈനിക ക്യാന്റീനുകൾ ഇന്ത്യയിലെ വലിയ ചില്ലറ വിൽപ്പന ശൃംഘലകളിലൊന്നാണ്. വിദേശ ഉത്പനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും ഏതെല്ലാം വിദേശ ഉത്പന്നങ്ങൾക്കാണ് നിരോധനം എന്നത് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
ഡയപ്പറുകൾ, ഹാൻഡ് ബാഗുകൾ, വാക്വം ക്ലീനറുകൾ, ലാപ്‌ടോപ്പ് തുടങ്ങിയ ചൈനീസ് ഉത്പ്പന്നങ്ങളാണ് രാജ്യത്തെ സൈനിക ക്യാന്റീനുകളിൽ കൂടുതലും ഇറക്കുമതി ചെയ്യുന്നത്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിഫൻസ് സ്റ്റഡീസ് ആൻഡ് അനാലിസിസിന്റെ ഓഗസ്റ്റിലെ കണക്കുകൾ അനുസരിച്ച് സൈനിക ക്യാന്റീനുകളിലെ മൊത്തം വിൽപ്പന മൂല്യത്തിന്റെ ആറ് മുതൽ ഏഴ് ശതമാനം വരെ ഇറക്കുമതി ഉത്പന്നങ്ങളാണ്.
കര, വ്യോമ, നാവിക സേനകളുമായി മേയ്, ജൂലായ് മാസങ്ങളിൽ ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര ഉത്‌പനങ്ങൾ പ്രോത്സാഹിപ്പിക്കാനുളള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തെ പിന്തുണയ്‌ക്കുകയാണ് ലക്ഷ്യമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഉത്തരവിനോട് പ്രതികരിക്കാൻ പ്രതിരോധ മന്ത്രാലയ വക്താവ് വിസമ്മതിച്ചതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |