തിരുവനന്തപുരം: കോഴ വിവാദത്തിൽ കെ.എം ഷാജി എം എൽ എയ്ക്ക് എതിരെ കുരുക്ക് മുറുക്കിയിരിക്കുകയാണ് എൻഫോഴ്‌സ്‌മെന്റ്. കെട്ടിട നിർമ്മാണച്ചട്ടം ലംഘിച്ചതിനെ തുടർന്ന് ഷാജിയുടെ കോഴിക്കോട്ടെ വീട് പൊളിച്ചു മാറ്റണമെന്ന് കോർപ്പറേഷനും നോട്ടീസ് നൽകി കഴിഞ്ഞു. കഴിഞ്ഞ നാല് വർഷമായി സഭയ്‌ക്കകത്തും പുറത്തും സി.പി.എമ്മിന് എതിരെ നിരന്തരം പോരാട്ടം നടത്തുന്ന തനിക്കുളള സമ്മാനങ്ങളായാണ് കേസുകളെ ഷാജി നോക്കികാണുന്നത്. വിവാദങ്ങൾക്ക് പിന്നാലെ കെ എം ഷാജി എം എൽ എ കേരളകൗമുദി ഓൺലൈനിനോട് മനസ് തുറക്കുന്നു.
കെ.എം ഷാജിയുടെ രക്തം ആഗ്രഹിക്കുന്നത് ആരാണ്?
അത് എനിക്ക് അങ്ങനെ പറയാനാകില്ല. എന്റെ കൂടെ പൊലീസ് പ്രൊട്ടക്ഷൻ നേരത്തെയുണ്ട്. എം.എൽ.എ ആകുന്നതിന് മുമ്പേ ഉളളതാണ് ആ പ്രൊട്ടക്ഷൻ. തീവ്രവാദികളിൽ നിന്നുളള വധഭീഷണിയും വധശ്രമവുമൊക്കെയാണ് അതിന് പിന്നിലെ കാരണം. അവരുമായി ഞാൻ നിരന്തരം പോരാടിയതാണ്. സ്വാഭാവികമായും അതിന്റേതായ ശത്രുതയുണ്ട്. എന്നാൽ തീവ്രവാദികളെ പോലെയാകരുത് രാഷ്ട്രീയക്കാർ. നമ്മുടെ നിലപാടുകളും ബോദ്ധ്യമാകുന്ന കാര്യങ്ങളും വിളിച്ച് പറയുക എന്നല്ലാതെ രാഷ്ട്രീയത്തിൽ വേറെ അപരാധമൊന്നും ഞാൻ ചെയ്‌തിട്ടില്ല. അതുമായി ബന്ധപ്പെട്ട് നിരന്തര ഭീഷണികൾ വന്നുകൊണ്ടിരിക്കുകയാണ്.
താങ്കളും സി.പി.എമ്മും തമ്മിൽ ഇത്ര വൈരാഗ്യം ഉണ്ടാകാനുളള കാരണമെന്താണ്?
ഒരു തിരഞ്ഞെടുപ്പ് അങ്ങനെ പോയി. രണ്ടാമത്തെ തിരഞ്ഞെടുപ്പിൽ നികേഷിനെ പോലൊരാളെ ഇറക്കി തോൽപ്പിക്കാൻ വേണ്ടി ആകാവുന്ന ശ്രമങ്ങളൊക്കെ നടത്തി. ഞാൻ എന്താണോ എന്റെ ജീവിതം കൊണ്ട് ഇത്രയും കാലം തെളിയിച്ചത് അതിന് വിരുദ്ധമായി ഒരു കളള നോട്ടീസ് ഇറക്കി എന്റെ പേരിൽ കേസുണ്ടാക്കി. കേസിൽ വിധി പറഞ്ഞ ജഡ്‌ജി വിരമിച്ച ശേഷം നേരെ പോയത് ഇടതുപക്ഷം ഓഫർ ചെയ്‌ത വലിയൊരു പോസ്റ്റിലേക്കാണ്. എല്ലാ തലത്തിലും ഗൂഢാലോചന അവർ എനിക്കെതിരെ ഗൂഢാലോചന നടത്തി. സുപ്രീംകോടതിയിൽ പോയാണ് ഞാൻ കേസിന് സ്റ്റേ വാങ്ങിയത്. സ്‌പീക്കർ ഒരു സഭ അംഗത്തിന് നൽകേണ്ട ഒരു പ്രിവിലേജും നൽകാതെയാണ് എനിക്കെതിരെ പെരുമാറുന്നത്. മുഖ്യമന്ത്രിക്കെതിരെ കൊവിഡ് കാലത്ത് അദ്ദേഹത്തിന്റെ കളളത്തരങ്ങളെ കുറിച്ച് പറഞ്ഞതിന്റെ പേരിലാണ് പിന്നെയുളള ആക്ഷേപങ്ങൾ. അതിനു ഞാൻ മറുപടി കൊടുത്തപ്പോഴേക്കും ഉടനെ വിജിലൻസ് കേസ് വരികയാണ്.
വിജിലൻസ് അന്വേഷണം ശരിയായ ദിശയിലാണോ അതോ കുടുക്കാനുളള ശ്രമം ആണെന്ന് തോന്നുന്നുണ്ടോ?
വിജിലൻസ് അന്വേഷണം തുടങ്ങിയിട്ട് ആറ് മാസമായി. ഇതുവരെ എന്നെ ചോദ്യം ചെയ്‌തിട്ടില്ല. എല്ലാ ശ്രമങ്ങളും നടത്തിയിട്ടും എന്നെ അതിലേക്ക് ലിങ്ക് ചെയ്യാൻ വിജിലൻസിന് സാധിച്ചിട്ടില്ല. സാധാരണ വിജിലൻസ് ഒരു കേസ് കണ്ടെത്തി പണത്തിന്റെ ഉറവിടം അറിയാനാണ് ഇ.ഡിയെ വിളിക്കുക. ഇവിടെ ഒരു തെളിവും എനിക്കെതിരെ കിട്ടിയിട്ടില്ല. കിട്ടാതെയാണ് ഈ നീക്കങ്ങളൊക്കെ.
സ്വർണക്കടത്ത് കേസിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് താങ്കൾക്കെതിരായ നീക്കമെന്ന് കരുതുന്നുണ്ടോ?
ഒരു സംശയവുമില്ല. അവർക്കെതിരായ എല്ലാ രാഷ്ട്രീയ വിഷയങ്ങളേയും മറികടക്കാനാണ് ഇത് ചെയ്യുന്നത്. ഇതിനകത്ത് രസമുളള ഒരു കാര്യമുണ്ട്. സി.പി.എം പറയുന്നത് കേന്ദ്ര ഏജൻസികൾ കേരളത്തിൽ കിടന്ന് വിലസുകയാണ് എല്ലാവരേയും പീഡിപ്പിക്കുകയാണ് എന്നൊക്കെയാണ്. എന്നാൽ എന്നെ ശരിയാക്കാൻ കേന്ദ്ര ഏജൻസിയെ വിളിക്കാം. ഈ സർക്കാരാണ് ഇ.ഡിക്ക് കേസ് കൈമാറുന്നത്. ഇ.ഡി സർക്കാരിനേയും പാർട്ടിയേയും ചോദ്യം ചെയ്യുമ്പോൾ കേന്ദ്ര ഏജൻസിയും എന്നെ ചോദ്യം ചെയ്യുമ്പോൾ സ്വർഗീയ ഏജൻസിയുമായി മാറുകയാണ്. ഇ.ഡി വന്നാൽ അതിന് ഒരു രീതിയുണ്ടല്ലോ. ഇത് നേരെ വീട്ടിൽ കയറി വന്ന് വീട് പൊളിക്കാൻ നോക്കുകയാണ്. കണ്ണൂരിലെ എന്റെ മണ്ഡലത്തിലെ വീട് പരസ്യമായി അളക്കുന്നു. എന്റെ പണത്തിന്റെ ഉറവിടവും മറ്റും അന്വേഷിക്കുന്നതിന് പകരം എന്നെ നിരന്തരമായി പീഡിപ്പിക്കുകയാണ്. ഇപ്പോൾ സി പി എം കേന്ദ്രം ആസൂത്രണം ചെയ്‌തിട്ടാണ് ഒടുവിൽ മഹാരാഷ്ട്രയിൽ നിന്ന് വധഭീഷണി വന്നിരിക്കുന്നത്.
നിങ്ങൾ ജലീലിനെ ടാർഗറ്റ് ചെയ്‌തു. മറുപടിയായി അവർ ഷാജിയെ ടാർഗറ്റ് ചെയ്‌തു. അങ്ങനെ വിലയിരുത്തികൂടെ?
ജലീൽ എന്റെയും ലീഗിന്റെയും ടാർഗറ്റല്ല. എന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു കാലത്തും ഒരു തരത്തിലും എതിരാളിയായി കണക്കാക്കുന്ന ഒരാളേയല്ല ജലീൽ. അതിനുളള എന്തെങ്കിലും രാഷ്ട്രീയമായ ഉന്നതി അയാളുടെ ജീവിതത്തിലില്ല. ബട്ടൺ പൊട്ടിക്കുക, കുപ്പായം മാറുക എന്നതുപോലെ വളരെ നിസാരമായാണ് ഞാൻ അയാളെ കാണുന്നത്. ഒരു സാധു ഞരമ്പ് വർത്തമാനം പറയുന്ന ആളെ എങ്ങനെയാണ് ഞാൻ രാഷ്ട്രീയ ശത്രുവായി കണക്കാക്കുക.
തിരഞ്ഞെടുപ്പ് അടുത്തുനിൽക്കെയുളള ഈ കേസും ആരോപണങ്ങളും രാഷ്ട്രീയ ഭാവിയേയും തിരഞ്ഞെടുപ്പിനേയും ബാധിക്കുമെന്ന് കരുതുന്നുണ്ടോ?
എനിക്ക് യാതൊരു ശങ്കയുമില്ല. ആരോപണങ്ങൾ തിരഞ്ഞെടുപ്പിനെ ബാധിച്ചാൽ തോൽക്കുകയല്ലേ ഉളളൂ.. മരിക്കുകയൊന്നുമില്ലല്ലോ. ജനാധിപത്യത്തിൽ തോൽക്കുക എന്നത് സ്വാഭാവികമായണ്. അത് ഒരു വിഷയമായി ഞാൻ പരിഗണിക്കുന്നേയില്ല. ഞാൻ അഴീക്കോട് മത്സരിക്കുക എന്നതോ അവിടെ തോൽക്കുമെന്നുളളതോ തോൽപ്പിക്കുമെന്നുളളതോ അല്ല എന്റെ വിഷയം. എന്റെ പൊതുപ്രവർത്തനമാണ് എനിക്ക് ഏറ്റവും വലിയ വിഷയം. ആ പൊതുപ്രവർത്തനത്തിന്റെ രോമത്തിൽ തൊടാൻ ഈ കേസ് കൊണ്ടൊന്നും അവർക്ക് സാധിക്കില്ല.
എം.സി കമറുദ്ദീന്റെ കേസിന് തൊട്ടുപിന്നാലെയാണ് ഷാജിക്കെതിരായ കേസ് വരുന്നത്. ഈ വിഷയങ്ങൾ ലീഗിനെ സമ്മർദ്ദത്തിലാക്കുന്നുണ്ടോ?
ലീഗിനെ ഇതൊന്നും സമ്മർദ്ദത്തിലാക്കില്ല. ഒരു ആശങ്കയും സമ്മർദ്ദവുമൊന്നും ലീഗിന് ഉണ്ടാകില്ല.
പാർട്ടിയിക്ക് താങ്കളോട് അതൃപ്‌തിയുണ്ടെന്ന് പറഞ്ഞ് വരുന്ന അഭ്യൂഹങ്ങൾ ശരിയാണോ?
പാർട്ടിക്ക് യാതൊരു അതൃപ്‌തിയുമില്ല. ഇതൊക്കെ ഹാൻഡിൽ ചെയ്യാൻ പറ്റിയ ആളാണ് ഞാനെന്ന് പാർട്ടിക്ക് നന്നായി അറിയാം. അതുകൊണ്ട് തന്നെ വലിയൊരു ഗൗരവം ഈ കേസിന് പാർട്ടി നൽകുന്നുമില്ല.
വീട് അളന്നപ്പോൾ 5500 അടിയുണ്ടായിരുന്നു. കട്ടും മോഷ്‌ടിച്ചുമൊക്കെയാണ് മണിമാളിക കെട്ടിപ്പൊക്കിയതെന്നാണ് സൈബർ ആക്രമണം
ഞാൻ എത്ര വലിയ വീട് വച്ചാലും അതിന്റെ ഉറവിടം ഞാൻ കാണിക്കണം. അതിനുളള കപ്പാസിറ്റി എനിക്ക് ഉണ്ടോയന്ന് പരിശോധിക്കണം. ഞാൻ അത്യാവശ്യം ആരുടെ മുമ്പിലും നിവർന്ന് നിൽക്കാൻ കഴിയുന്ന സാമ്പത്തിക സ്ഥിതിയുളള ഒരു കുടുംബത്തിൽ ജനിച്ചയാളാണ്. വളരെ ചെറുപ്പത്തിൽ ഇരുപത്തിരണ്ടാമത്തെ വയസിൽ ജൂവലറി ഫീൽഡിൽ വന്നയാളാണ് ഞാൻ. എനിക്ക് ഏകദേശം ആറോളം ജൂവലറികൾ കേരളത്തിലെ വിവിധ ജില്ലകളിലായി ഉണ്ടായിരുന്നു. ഇപ്പോഴും ആ ജൂവലറികളുണ്ട്. ഞാൻ അതിലില്ല. രാഷ്ട്രീയമൊക്കെ ഉളളതുകൊണ്ട് പതിയെ ഞാൻ പിൻവാങ്ങിയതാണ്. എല്ലാ വർഷവും കൃഷി വിളവെടുപ്പ് നടത്തുന്ന ഒരാളാണ് ഞാൻ. നാല് ഏക്കറോളം തോട്ടമുണ്ട്. 5000 സ്‌ക്വയർഫീറ്ര് വീട് വയ്‌ക്കുന്നതിന് എനിക്ക് ഇന്നത്തെ കാലത്ത് യാതൊരു ബുദ്ധിമുട്ടുമില്ല. ഇത് കുറച്ച് ചുരുക്കി വച്ചതാണ്. ജനിക്കുമ്പോൾ തന്നെ പതിനൊന്നായിരം സ്‌ക്വയർ ഫീറ്രുളള ഒരു വീട്ടിലാണ് ഞാൻ ജനിച്ചത്. ഇന്ന് ആ വീടില്ല. പല ഭാഗവും ഞങ്ങൾ പൊളിച്ച് കളഞ്ഞു. 1946ലാണ് ആ വീടെന്ന് ഓർമ്മിക്കണം. അന്ന് ഒരു ഏക്കറിന് അഞ്ച് രൂപയാണ്.
കൊവിഡ് സമയത്ത് രാഷ്ട്രീയം പറയരുതെന്ന് പറഞ്ഞപ്പോൾ എന്റെ ജീവന് ശ്വാസം ഉളളിടത്തോളം കാലം ഞാൻ രാഷ്ട്രീയം പറയുമെന്ന് പറഞ്ഞ വ്യക്തിയാണ്. പക്ഷേ എല്ലാവരും രാഷ്ട്രീയം പറഞ്ഞു തുടങ്ങിയപ്പോൾ അത് ഷാജിക്ക് വെട്ടായോ?
എനിക്കൊരു വെട്ടുമില്ല. എന്റെ രാഷ്ട്രീയം ബോധത്തേയും പൊതു ബോധത്തേയും മങ്ങലേൽപ്പിക്കാനുളള ഒരു കപ്പാസിറ്റിയും ഈ ആരോപണത്തിനില്ല. ഈ ആരോപണം ഉന്നയിക്കുന്നവർക്കുമില്ല.
വെൽഫെയർ പാർട്ടിയുമായുളള സഹകരണമാണ് ലീഗ് ഇപ്പോൾ വാർത്താ കേന്ദ്രങ്ങളിൽ നിറഞ്ഞുനിൽക്കാനുളള മറ്റൊരു കാര്യം. അതിനോടുളള നിലപാട് എന്താണ്?
മുസ്ലീം ലീഗ് അതിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയൊരു രാഷ്ട്രീയ സഖ്യത്തെപ്പറ്റി ലീഗ് ആലോചിക്കുക പോലും ചെയ്‌തിട്ടില്ല. ഞാൻ ആ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ്. ഒരു വേദിയിൽ പോലും ഇങ്ങനെയൊരു ചർച്ച നടന്നിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |