ന്യൂഡൽഹി : തമിഴകത്ത് വായനാശീലത്തിലൂടെ വിസ്‌മയം തീർത്ത 'മുടിമുറിശീലൻ' പൊൻമാരിയപ്പനെ പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിലൂടെ രാജ്യത്തിന് പരിചയപ്പെടുത്തി. വ്യത്യസ്തനാമീ ബാർബറാം പൊൻമാരിയപ്പനെ ഫോണിൽ വിളിച്ച പ്രധാനമന്ത്രി തമിഴിലും ചോദ്യങ്ങൾ ചോദിച്ചു.
തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി പൊൻമാരിയപ്പൻ ഈ വർഷാരംഭത്തിലാണ് തന്റെ ബാർബർഷോപ്പിൽ വ്യത്യസ്തമായ ഒരു കാര്യം ചെയ്തത്.ബാർബർ ഷോപ്പിലെ ഇത്തിരിയിടത്ത് നിറയെ പുസ്തകങ്ങൾ നിരത്തിവച്ചു. കടയിൽ എത്തുന്നവർ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കാതെ പുസ്തകം വായിച്ചാൽ 10 ശതമാനം മുതൽ 40 ശതമാനം വരെ ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചു. ജനങ്ങളിൽ വായനാശീലം വളർത്താൻ കണ്ടെത്തിയ ഈ മാർഗത്തെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.
എട്ടാം ക്ലാസിൽ പഠനം നിർത്തിയ പൊൻമാരിയപ്പന്റെ ഈ വേറിട്ട ചിന്ത മുൻപും മാദ്ധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. കുറച്ച് പുസ്തകത്തിൽ തുടങ്ങിയ ഈ ചിന്ത ഇപ്പോൾ 900 പുസ്‌തകങ്ങളുള്ള ലൈബ്രറിയായി മാറി. മാരിയപ്പന്റെ വായനാതാൽപര്യം അറിയാവുന്ന ചില പ്രമുഖരുണ്ട് തമിഴ്‌നാട്ടിൽ. ഡി.എം.കെ. നേതാവ് കനിമൊഴി, എഴുത്തുകാരൻ രാമകൃഷ്ണ തുടങ്ങിയവർ സംഭാവന ചെയ്ത പുസ്തകങ്ങളുമുണ്ട് കൂട്ടത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |