ശ്രീനഗർ: ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി തിരിച്ചുനൽകുന്നത് വരെ താൻ ഇന്ത്യൻ പതാക ഉയർത്തില്ലെന്ന പ്രസ്താവന നടത്തിയ മുൻ ജമ്മു കാശ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനയിൽ പ്രതിഷേധിച്ച് പി.ഡി.പിയിൽ നിന്നും രാജിവച്ച് മുതിർന്ന നേതാക്കൾ. ടി.എസ് ബാജ്‌വ, വേദ് മഹാജൻ, ഹുസൈൻ എ. വഫ എന്നിവരാണ് തിങ്കളാഴ്ച തങ്ങളുടെ രാജിക്കത്ത് പാർട്ടി അദ്ധ്യക്ഷ കൂടിയായ മുഫ്തിക്ക് സമർപ്പിച്ചത്.
ഇന്ത്യൻ പതാകയെക്കുറിച്ചുള്ള മുഫ്തിയുടെ പ്രസ്താവനകൾ ദേശഭക്തിക്ക് ക്ഷതമേൽപ്പിക്കുന്നതാണെന്നും പ്രസ്താവനയിലെ ചില വാക്കുകൾ പരിഗണിക്കുമ്പോൾ മുഫ്തിക്ക് മാപ്പ് നൽകാനോ അവരുടെ വാക്കുകൾ മറക്കാനോ സാധിക്കില്ലെന്നും നേതാക്കൾ തങ്ങളുടെ രാജികത്തിലൂടെ വ്യക്തമാക്കി.
പി.ഡിപിയിൽ തുടരുന്നത് തങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണെന്നും 'അതിനാൽ തങ്ങൾക്ക് 'ശ്വാസം മുട്ടുന്നതായി' തോന്നുന്നുണ്ടെന്നും മൂവരും വ്യക്തമാക്കുന്നുണ്ട്. മെഹ്ബൂബ മുഫ്തിയുടെ പിതാവായ മുഫ്തി മുഹമ്മദ് സയീദ് രൂപീകരിച്ച പാർട്ടിയുടെ നയങ്ങളിൽ നിന്നും വ്യതിചലിക്കുന്നതാണ് മുഫ്തിയുടെ ഇപ്പോഴത്തെ പ്രസ്താവനകളെന്നും ഇവർ രാജികത്തിലൂടെ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനമായിരുന്ന ജമ്മു കാശ്മീരിന്റെ പതാക തിരികെ ലഭിക്കും വരെ താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയോ ഇന്ത്യൻ പതാക ഉയർത്തുകയോ ചെയ്യുകയില്ലെന്ന മുഫ്തിയുടെ വാക്കുകൾ വിവാദമായിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സർക്കാർ അത് തിരികെ നൽകണമെന്നും മുഫ്തി ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |