അനുപമമായ പ്രണയബന്ധമായിരുന്നു അച്ഛന്റെയും അമ്മയുടേയതും. അക്കാലത്ത് ഒരു വിദേശിയെ വിവാഹം ചെയ്യുന്ന ആദ്യ ഐ.എഫ്.എസ് ഓഫീസറായിരുന്നു അച്ഛൻ. അതുകൊണ്ടുതന്നെ, പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ അനുവാദം വാങ്ങിയതിനു ശേഷമായിരുന്നു വിവാഹം. വിവാഹ ശേഷമാണ് മ്യാൻമർ (അന്നത്തെ ബർമ്മ) സ്വദേശിയായ അമ്മ ടിന്റ് ടിന്റ് ഇന്ത്യൻ പൗരത്വം സ്വീകരിച്ച് ഉഷ ആയത്. ഉഷ എന്നാൽ ഉദയമാണ്. അമ്മയുടെ ജീവിതത്തിലും പുതിയൊരു പുലരിയുടെ ഉദയമായിരുന്നു വിവാഹം.
ഇന്ത്യൻ സംസ്കാരവും രീതികളുമെല്ലാം ആദ്യമൊക്കെ തന്നെ അമ്പരപ്പിക്കുന്നതായിരുന്നെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പരിചയിച്ചു പകർത്താൻ ബുദ്ധിമുട്ടിയെങ്കിലും അമ്മ അതെല്ലാം സന്തോഷത്തോടെയും സ്നേഹത്തോടെയും സ്വന്തമാക്കി. ഒന്നാന്തരം ഇന്ത്യക്കാരിയായിത്തന്നെ അച്ഛനൊപ്പം അമ്മ ഇന്ത്യയ്ക്കായി നിലകൊണ്ടു. അച്ഛൻ വിദേശകാര്യ സർവീസിലായിരുന്നതുകൊണ്ട് ലോകം മുഴുവൻ ഞങ്ങൾക്ക് വീടായിരുന്നു. രാജ്യങ്ങൾ തോറും നിരന്തര യാത്രകൾ. ലോകഭാഷയായ ഇംഗ്ളീഷിൽ വേണം വീട്ടിലും സംസാരിക്കാനെന്ന് അച്ഛനും അമ്മയ്‌ക്കും നിർബന്ധമായിരുന്നു. അതുകൊണ്ട് അമ്മയുടെ ബർമീസോ അച്ഛന്റെ മലയാളമോ പഠിക്കാൻ കഴിഞ്ഞില്ല. അതിൽ ഇത്തിരി നിരശയുമുണ്ട്.
വിവാഹശേഷം അച്ഛന്റെ ആദ്യ പോസ്റ്റിംഗ് ജപ്പാനിൽ. കുട്ടിക്കാലം തൊട്ടേ അമ്മയ്ക്ക് ജപ്പാൻ എന്നത് ദു:ഖിപ്പിക്കുന്ന ഓർമ്മകൾ നൽകിയ രാജ്യമാണ്. രണ്ടാം ലോകയുദ്ധ കാലത്ത് ബർമയിലെ ജപ്പാൻ അധിനിവേശത്തെക്കുറിച്ചും തുടർന്നുണ്ടായ യുദ്ധത്തെക്കുറിച്ചുമൊക്കെ അമ്മ പറഞ്ഞുതന്നിട്ടുണ്ട്. ആ യുദ്ധത്തിലാണ് അമ്മയ്‌ക്ക് സഹോദരനെ നഷ്ടമായത്. ജപ്പാനിലാണ് ഞാൻ ജനിച്ചതും. അങ്ങനെ അമ്മയ്‌ക്ക് ജപ്പാനെക്കുറിച്ച് സന്തോഷിക്കാനുള്ള കാര്യവുമായി!
പുരുഷനും സ്ത്രീയും തുല്യരാണെന്ന് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചാണ് അച്ഛനും അമ്മയും ഞങ്ങൾ രണ്ടു മക്കളെയും (ചിത്രയുടെ സഹോദരി അമൃത ഇപ്പോൾ നെതർലന്റിൽ) വളർത്തിയത്. മുൻവിധികളോ വേർതിരിവുകളോ ഇല്ല. ഞങ്ങളുടെ മനസ്സിലെ മൂല്യങ്ങൾ ഉയർത്താനാണ് അവർ എപ്പോഴും ശ്രദ്ധ ചെലുത്തിയത്. എപ്പോഴും ഒരുമിച്ചായിരുന്ന അച്ഛനും അമ്മയും ഒരൊറ്റ ടീമായി നിന്ന് ജീവിതത്തെ സ്വീകരിക്കുകയും നേരിടുകയും ചെയ്തു.
ചൈന! ദ്വീപ്തമായ
ഒരോർമ്മ
എനിക്ക് 26 വയസുള്ളപ്പോഴാണ് അച്ഛൻ ഐ.എഫ്.എസിൽ നിന്ന് വിരമിക്കുന്നത്. അതേ വർഷം തന്നെ ഞാൻ ഐ.എഫ്.എസുകാരിയായി! 1976 ൽ ചൈനയിലെ ഇന്ത്യൻ അംബാസഡർ ആയിട്ടായിരുന്നു അച്ഛന്റെ അവസാനത്തെ പ്രധാന നിയമനം. ഇന്ത്യ- ചൈന ബന്ധം ഏറ്റവും പ്രശ്നഭരിതമായിരുന്ന നാളുകളായിരുന്നു അത്. 1962 ലെ ഇന്ത്യ- ചൈന യുദ്ധത്തിനുശേഷം ചൈനയിൽ നിയോഗിക്കപ്പെടുന്ന ആദ്യ നയതന്ത്രപ്രതിനിധി കൂടിയായിരുന്നു അദ്ദേഹം.
അക്കാലത്ത് ഞാൻ ചൈന സന്ദർശിച്ചിരുന്നു. അച്ഛനും അമ്മയും ചൈനീസ് തലസ്ഥാനമായ പെക്കിംഗിലായിരുന്നു (ഇന്നത്തെ ബെയ്ജിംഗ്) താമസം. ചൈനീസ് - വിയറ്റ്നാം യുദ്ധം അക്കാലത്താണ്. ഹനോയിയിലായിരുന്നു ഞാൻ മാദ്ധ്യമപ്രവർത്തകയായി ജോലി നോക്കിയിരുന്നത്. ട്രെയിനിൽ വിയറ്റ്നാമിലേക്കും തിരികെ ചൈനയിലേക്കും സ്ഥിരം യാത്ര വേണ്ടിയിരുന്ന കാലം.
ഇന്നത്തെ ചൈനയുടെ നിർമ്മാണം എങ്ങനെ നാലു പേർ ചേർന്ന് (ഗാംഗ് ഒഫ് ഫോർ) എഴുതിയുണ്ടാക്കിയെന്നത് നേരിട്ടു കണ്ട് ഞാൻ മനസിലാക്കിയിട്ടുണ്ട്. നയതന്ത്രജ്ഞരുടെ മക്കളാകുന്നതിന്റെ പ്രധാന നേട്ടം, ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകാം എന്നതാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. യാഥാസ്ഥിതികരല്ലാതെയും സാഹസികരായുമാണ് അവർ ഞങ്ങളെ വളർത്തിയത്. ജീവിതം വളരെ സുന്ദരമാണ്. ഓരോ നിമിഷവും ജീവിക്കണം. തേടിവരുന്ന നല്ലതിനെയും ചീത്തയെയും അങ്ങനെതന്നെ സ്വീകരിക്കുക. ആത്മവിശ്വാസത്തോടെ പോരാടുക. അച്ഛനും അമ്മയും ചേർന്ന് പകർന്ന പാഠങ്ങൾ തന്നെയാണ് പത്തു വർഷം മുമ്പ് അർബുദത്തിന്റെ രൂപത്തിലെത്തിയ പരീക്ഷണത്തെയും മറികടക്കാൻ എനിക്ക് കരുത്തു നൽകിയത്.
(ഒരു ഇംഗ്ളീഷ് പ്രസിദ്ധീകരണത്തിന് അനുവദിച്ച അഭിമുഖത്തിൽ നിന്ന്. പരിഭാഷ: ശരണ്യ ഭുവനേന്ദ്രൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |