ഇസ്ലാമാബാദ്: ജമ്മു കാശ്മീരിലെ പുൽവാമ ഭീകരാക്രമണത്തിന് പിന്നിൽ തങ്ങളാണെന്ന് വ്യക്തമാക്കി പാകിസ്ഥാൻ മന്ത്രി. പാർലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാൻ ഫെഡറൽ മന്ത്രി ഫവാദ് ചൗധരി ഇക്കാര്യം പറഞ്ഞത്.
"ഇന്ത്യയെ ഞങ്ങൾ അവരുടെ തട്ടകത്തിൽ കയറി അടിച്ചു. പുൽവാമയിലെ ഞങ്ങളുടെ വിജയം ഇമ്രാൻ ഖാന്റെ നേതൃത്വത്തിലുള്ള ജനങ്ങളുടെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്." ഫവാദ് ചൗധരി ദേശീയ അസംബ്ലിയിൽ പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന സഭയിൽ പ്രതിഷേധം ഉയർത്തിയപ്പോൾ ഉടൻ തന്നെ ചൗധരി തന്റെ നിലപാട് മാറ്റി. പുൽവാമ ആക്രമണത്തിന് ശേഷം ഇന്ത്യയിൽ കയറി ആക്രമിച്ചുവെന്നാണ് പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യൻ പാകിസ്ഥാൻ അതിർത്തികളിൽ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശകാര്യമന്ത്രി ഷാ മഹമൂദ് ഖുറേഷിയും കരസേനാ മേധാവി ജനറൽ ഖമർ ജാവേദ് ബജ്‌വയും തമ്മിൽ നടന്ന കൂടിക്കാഴ്ച സംബന്ധിച്ച പ്രതിപക്ഷ നേതാവ് അയാസ് സാദിക്കിന്റെ ചോദ്യത്തിന് മറുപടി പറയുന്നതിനിടെയാണ് ചൗധരിയുടെ വിവാദ വെളിപ്പെടുത്തൽ. പാകിസ്ഥാന്റെ ഭീകരവാദ സംഘടനകളുമായുള്ള ബന്ധം വെളിപ്പെടുത്തുന്നതാണ് മന്ത്രി ഫവാദ്ചൗധരിയുടെ ഈ വാക്കുകൾ.ചൗധരിയുടെ പരാമർശം പാകിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
പുൽവാമ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ സെെന്യം പാകിസ്ഥാനിലെ ബാലക്കോട്ടിലുള്ള ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന്റെ ക്യാമ്പിൽ ആക്രമണം നടത്തുകയും നിരവധി ഭീകരവാദികളെ വധിക്കുകയും ചെയ്തിരുന്നു. 40 ഓളം സി.ആർ.പി.എഫ് ജവാൻമാരാണ് പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |