ന്യൂഡൽഹി: കൊവിഡ് പ്രതിരോധത്തിനായി നിർമിച്ച ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് വിരാമമിടാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ആപ്പുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം നൽകാനും കമ്മീഷന്റെ നിർദേശങ്ങൾ പാലിക്കാനും തങ്ങൾ ബാധ്യസ്ഥരാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ആപ്പുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് കമ്മീഷൻ കത്തുനൽകിയതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ പ്രതികരണം.
വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന എല്ലാ വിവരങ്ങളും അപേക്ഷകന് നൽകാനും സി.ഐ.സിയുടെ നിർദേശങ്ങൾ പാലിക്കാനും പ്രതിജ്ഞാബദ്ധമാണെന്നും കേന്ദ്ര മന്ത്രാലയം അറിയിച്ചു. ആരോഗ്യസേതുവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാക്കാൻ കേന്ദ്ര ഐ.ടി മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ആരോഗ്യസേതു ആപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ കെെമാറുന്നതിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇതിന് വേണ്ട നിർദേശങ്ങൾ നൽകിയതായും അധികൃതർ പറഞ്ഞു. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻ.ഐ.സി), നാഷണൽ ഇ-ഗവേണൻസ് ഡിവിഷൻ (എൻ.ജി.ഡി) എന്നിവർക്കും ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യസേതു ആപ്പ് നിർമിച്ചത് ആരെന്ന് അറിയണമെന്ന് കാണിച്ച് സൗരവ് ദാസ് എന്ന ആൾ നൽകിയ വിവരാവകാശത്തിന് മറുപടി ലഭിച്ചിരുന്നില്ല. ആപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്നാണ് ഇയാൾക്ക് മറുപടി ലഭിച്ചിരുന്നത്. തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.ഇതിന് പിന്നാലെയാണ് വിഷയത്തിൽ പ്രതികരണവുമായി ഐ.ടി.മന്ത്രാലയം രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |