തിരുവല്ല : ഉന്നതനിലവാരത്തിൽ നിർമ്മിക്കുന്ന കുറ്റൂർ - മനയ്ക്കച്ചിറ - കിഴക്കൻ മുത്തൂർ റോഡിന്റെ ടാറിംഗ് ജോലികൾ നവംബറിൽ നടക്കാനിരിക്കെ പുലിയതോട് പാലത്തിന്റെ പണി തുടങ്ങാത്തത് ആശങ്കയുയർത്തുന്നു. കുറ്റൂർ - മനയ്ക്കച്ചിറ പാതയിലെ പ്രധാന പാലമാണ് മണിമലയാറിന്റെ കൈവഴിയായ പുലിയതോടിന് കുറുകെയുള്ളത്. 1974ൽ നിർമ്മിച്ച ഇടുങ്ങിയ പാലത്തിനു സമാന്തരമായി പഴയ ഷട്ടറിനോട് ചേർന്നാണ് പുതിയ പാലം നിർമ്മിക്കാൻ ഉദ്ദേശിച്ചിരുന്നത്. റോഡ് നിർമ്മാണം തുടങ്ങിയപ്പോൾ പുതിയ പാലവും നിർമ്മിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയതാണ്. റോഡിന്റെ വീതികൂട്ടൽ പണികൾ പൂർത്തിയാക്കി ടാറിംഗ് ചെയ്യാൻ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ പാലത്തിന്റെ പണികൾ ഒന്നുമായിട്ടില്ല.
നിലവിലെ ഇടുങ്ങിയതും പഴക്കമുള്ളതുമായ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. കുറ്റൂർ - ഇരവിപേരൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്.
25.83 കോടിയുടെ പദ്ധതി
തിരുവല്ലയുടെ ഔട്ടർ റിംഗ് റോഡിനായി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 25.83 കോടി രൂപയാണ് ചെലവിടുന്നത്. ബി.എം ആൻഡ് ബി.സി നിലവാരത്തിൽ വശങ്ങളിൽ ഓടയും നടപ്പാതയും ചേർത്താണ് നിർമാണം. 12 കിലോമീറ്റർ നീളത്തിലും 8 മീറ്റർ വീതിയിലുമാണ് റോഡ് നിർമ്മിക്കുന്നത്. 5.5 മീറ്റർ വീതിയിലാണ് ടാറിംഗ്. കുറ്റൂർ മുതൽ മനയ്ക്കച്ചിറ വരെയുള്ള റോഡ് വികസനത്തിനായുള്ള സ്ഥലം പ്രദേശവാസികൾ സൗജന്യമായി വിട്ടുനൽകുകയായിരുന്നു.
അനുവദിച്ചതിലും കുറഞ്ഞ തുകയ്ക്കാണ് കരാർ ഏറ്റെടുത്തത്. ഇതിനിടെ സ്ഥലം വിട്ടുനൽകിയവരുടെ റോഡരുകിലെ മതിലുകൾ നിർമ്മിച്ചത് അധിക ചെലവുണ്ടാക്കി. ഇതുകാരണമാണ് പുലിയതോട് പാലത്തിന്റെ നിർമ്മാണം വൈകുന്നത്. നിലവിലെ പാലത്തിന് പഴക്കമുണ്ടെങ്കിലും ബലവത്താണ്. എങ്കിലും പുതിയ പാലം നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അസി.എൻജിനിയർ
പൊതുമരാമത്ത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |