കോതമംഗലം: മൂവാറ്റുപുഴ സ്വദേശിയായ ബിസിനസുകാരനെ ഹണി ട്രാപ്പിൽപ്പെടുത്തി തട്ടിക്കൊണ്ട് പോയി പണവും കാറും ഫോണും തട്ടിയെടുത്ത ആറംഗസംഘത്തിലെ അഞ്ചുപേർ പൊലീസ് പിടിയിലായി. നെല്ലിക്കുഴി പഞ്ചായത്താഫീസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന കുട്ടമ്പുഴ ഇഞ്ചത്തൊട്ടി സ്വദേശി മുളയംകോട്ടിൽ ആര്യ (25), കുറ്റിലഞ്ഞി കപ്പടക്കാട്ട് അശ്വിൻ (19), കുറ്റിലഞ്ഞി കാത്തിരക്കുഴി ആസിഫ് ഷാജി (19), നെല്ലിക്കുഴിപറമ്പി റിസ്വാൻ ഷുഹൈബ് (21), നെല്ലിക്കുഴി കാപ്പ്ചാലിൽ മുഹമ്മദ് യാസിൻ (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് സംഭവം.പൊലീസ് പറയുന്നത്: മൂവാറ്റുപുഴക്കാരനായ ബിസിനസുകാരനെ കോതമംഗലത്തെ ലോഡ്ജിൽ വിളിച്ചുവരുത്തിയാണ് തട്ടിപ്പ് നടത്തിയത്. ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്ന ആര്യ ലോക്ക് ഡൗൺ കാലത്ത് ജോലി ഉപേക്ഷിച്ചിരുന്നു. തനിക്ക് അങ്കമാലിയിലെ ഒരു സ്ഥാപനത്തിൽ ജോലി ലഭിച്ചെന്നും ഇതിന്റെ ഭാഗമായി നടക്കുന്ന പാർട്ടിയിൽ പങ്കെടുക്കണമെന്നും അതിനായി കോതമംഗലത്തെ ലോഡ്ജിൽ എത്തിച്ചേരുവാനും യുവതി പറഞ്ഞതനുസരിച്ച് ബിസിനസുകാരൻ കാറോടിച്ച് ലോഡ്ജിൽ എത്തി. കുറച്ച് കഴിഞ്ഞപ്പോൾ അഞ്ചംഗ സംഘം ലോഡ്ജിൽ എത്തി ഇവർ ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ എടുത്തു. തുടർന്ന് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയും എ.ടി.എം കാർഡ് തട്ടിയെടുക്കുകയും ചെയ്തു. ബാങ്കിൽ നിന്നും കാർഡ് ഉപയോഗിച്ച് 35000 രൂപ പിൻവലിച്ചു. തുടർന്ന് സംഘം ഇയാളുടെ കാറിൽ വിവിധ സ്ഥലങ്ങളിൽ കറങ്ങി. കോട്ടപ്പടിയിൽ എത്തിയപ്പോൾ അശ്വിൻ കോളേജിൽ എന്തോ ആവശ്യത്തിനുപോയ സമയത്ത് മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കാറിൽ നിന്നിറങ്ങിയ ബിസിനസുകാരൻ കോളേജിലെ ജീവനക്കാരനോട് വിവരം പറഞ്ഞു. ക്ഷുഭിതരായ പ്രതികൾ ഇയാളെ ക്രൂരമായി മർദ്ദിക്കുകയും റോഡരികിൽ ഉപേക്ഷിച്ച് കാറുമായി രക്ഷപ്പെടുകയുമായിരുന്നു. അശ്വിനെയാണ് കോട്ടപ്പടി പൊലീസ് ആദ്യം പിടികൂടിയത്. രക്ഷപെട്ടവരിലൊരാൾക്കൊപ്പം സ്ഥലം വിടാൻ ശ്രമിക്കുന്നതിനിടെയാണ് ആര്യ അറസ്റ്റിലാകുന്നത്. കൂടെയുണ്ടായിരുന്ന ഷിഹാബ് ബൈക്കിൽ രക്ഷപെട്ടു. കാർ പിന്നീട് മൂവാറ്റുപുഴയിൽ നിന്ന് കണ്ടെടുത്തു.കോതമംഗലം പൊലീസ് ഇൻസ്പെക്ടർ ബി. അനിൽ, എസ്.ഐ ശ്യാംകുമാർ, എ.എസ്.ഐ നിജു ഭാസ്കർ, രഘുനാഥ്, മുഹമ്മദ്, നിഷാന്ത്, പരീത്, ആസാദ്, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് .പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതിയായ മുഹമ്മദ് യാസിന് മെഡിക്കൽ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |