കൊല്ലം: എല്ലാ ഘടകക്ഷികളും സീറ്റ് ആവശ്യപ്പെട്ട് രംഗത്തെത്തിയതോടെ നഗരസഭയിലെ എൽ.ഡി.എഫ് സീറ്റ് വിഭജനം പ്രതിസന്ധിയിൽ. സീറ്റ് വിഭജന ചർച്ചയ്ക്കായി ഇന്നലെ ചേർന്ന സി.പി.എം- സി.പി.ഐ ഉഭയകക്ഷി യോഗം കാര്യമായ തീരുമാനങ്ങളെടുക്കാനാകാതെ പിരിഞ്ഞു.
കഴിഞ്ഞ തവണ മൂന്ന് സീറ്റുകളാണ് സി.പി.എം- സി.പി.ഐ ഇതര പാർട്ടികൾക്ക് എൽ.ഡി.എഫ് നൽകിയത്. ഇതിൽ ജനാദള്ളിന് നൽകിയ കന്റോൺമെന്റ് സീറ്റിൽ ഇപ്പോൾ സി.പി.എമ്മിന് മോഹമുണ്ട്. ഫോർവേർഡ് ബ്ലോക്കിന് നൽകിയ ശക്തികുളങ്ങര ഡിവിഷനിൽ സി.പി.എമ്മും സി.പി.ഐയും കണ്ണുവച്ചിരിക്കുകയാണ്. തിരുമുല്ലവാരം സീറ്റിൽ സി.പി.ഐക്കാണ് താല്പര്യം. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളുടെ എണ്ണത്തിൽ ഒന്നുപോലും കുറയാനില്ലെന്ന നിലപാടിലാണ് ഇരുപാർട്ടികളും. ഇതിനിടയിലാണ് മറ്റ് കക്ഷികളുടെ ആഗ്രഹങ്ങൾ. ഒന്നിലധികം ഡിവിഷനുകൾ പേരെടുത്ത് പറഞ്ഞാണ് മുന്നണിയുമായി സഹകരിക്കുന്ന പാർട്ടികളുടെയടക്കം കത്ത്. ഈ കത്തുകളും സീറ്റ് കക്ഷികൾക്ക് വിട്ടുനൽകിയാലുള്ള സാദ്ധ്യതകളും ഇന്നലെ ഇരുപാർട്ടികളുടെയും നേതാക്കൾ വിലയിരുത്തി. പക്ഷെ ഇതിൽ പലതും സി.പി.ഐയുടെയും സി.പി.എമ്മിന്റെയും സിറ്റിംഗ് സീറ്റുകളാണ്.
രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും ചർച്ച
രണ്ട് ദിവസത്തിനുള്ളിൽ വീണ്ടും സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ച നടക്കും. ഇതിനിടയിൽ ഇരുപാർട്ടികളുടെയും നഗരസഭാ പരിധിയിലെ നേതാക്കളുടെ യോഗം ചേരും. ഈ യോഗങ്ങളിൽ മറ്റ് പാർട്ടികൾക്ക് വിട്ടുനൽകാവുന്ന സീറ്റുകളുടെ കാര്യത്തിൽ പ്രത്യേകം തീരുമാനമെടുക്കും. ഇതിന്റെ അടിസ്ഥാനത്തിലാകും തുടർ ചർച്ച. നഗരമേഖലയിൽ കൂടുതൽ കരുത്തും വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളുമുള്ള രണ്ടോ മൂന്നോ ഘടകക്ഷികൾക്ക് മാത്രം എൽ.ഡി.എഫ് സീറ്റ് അനുവദിക്കാനാണ് സാദ്ധ്യത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |