തിരുവനന്തപുരം: സംസ്ഥാന സർക്കാർ ചെയ്‌ത നല്ല കാര്യങ്ങളെ തമസ്‌കരിച്ച് നുണ പ്രചാരണത്തിലൂടെ മാദ്ധ്യമങ്ങൾ വേട്ടയാടുന്നുവെന്ന് കുറ്റപ്പെടുത്തി നവംബർ ഒന്നിന് സി പി എം ജനകീയ കൂട്ടായ്‌മയ്‌ക്ക് ആഹ്വാനം ചെയ്‌തിരിക്കെയാണ് രണ്ട് വലിയ സംഭവങ്ങൾ സി പി എമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ശിവശങ്കറിലൂടെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ബിനീഷ് കോടിയേരിയിലൂടെ കോടിയേരി ബാലകൃഷ്‌ണനും പ്രതിരോധത്തിലാകുമ്പോൾ അന്തം വിട്ട് നിൽക്കുന്നത് സി പി എം എന്ന പ്രസ്ഥാനമാണ്.
സർക്കാരിനേയും പാർട്ടിയേയും കുടുക്കുന്ന ഓരോ ആരോപണങ്ങൾ ഉയരുമ്പോഴും സി പി എം നേതാക്കൾ കുതിര കയറിയിരുന്നത് മാദ്ധ്യമങ്ങളുടെ നെഞ്ചത്തേക്കായിരുന്നു. മുഖ്യമന്ത്രി തന്റെ പതിവ് വാർത്താ സമ്മേളനത്തിൽ പലതവണ ക്ഷുഭിതനായി. പാർട്ടി സെക്രട്ടറിയായ കോടിയേരിയും തന്റെ മാദ്ധ്യമ വിരോധം മറച്ചുവച്ചില്ല. സ്വപ്‌ന സുരേഷിനൊപ്പം സെൽഫിയെടുക്കുന്ന മന്ത്രി പുത്രന്റെ ചിത്രം പുറത്തുവന്നപ്പോഴാണ് ഏറ്റവും ഒടുവിലായി കോടിയേരി മാദ്ധ്യമങ്ങൾക്കെതിരെ തട്ടിക്കയറിയത്.
'ഞങ്ങൾക്കെതിരെ എന്ത് മോർഫിംഗ് ചിത്രം പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങൾക്കെല്ലാം വന്നാൽ താങ്ങൂല എന്ന് മനസിലാക്കിക്കോ' എന്നായിരുന്നു കോടിയേരിയുടെ ഭീഷണി കലർന്ന സ്വരം. വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾ അവസാനിപ്പിച്ച് എഴുന്നേൽക്കാൻ നേരമാണ് മാദ്ധ്യമപ്രവർത്തകർ ജയരാജന്റെ മകന്റെ കാര്യം കോടിയേരിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ചർച്ച ചെയ്‌തോ എന്നായിരുന്നു ചോദ്യം. ഈ ചോദ്യമാണ് കോടിയേരിയെ ചൊടിപ്പിച്ചത്. പിന്നെ ഭീഷണി കലർത്തിയായിരുന്നു കോടിയേരിയുടെ സംഭാഷണം.
''നിങ്ങൾ ഇങ്ങനെ ഓരോ കഥകളുണ്ടാക്കി ഫോട്ടോകളുണ്ടാക്കി മോർഫിംഗ് നടത്തി പ്രചരിപ്പിക്കുകയാണ്. നിങ്ങൾ തന്നെ ഫോട്ടോയുമുണ്ടാക്കും, നിങ്ങൾ തന്നെ ചോദ്യവും ചോദിക്കും. മുഖ്യമന്ത്രിയുടെ അടുത്ത് സ്വപ്‌ന ഇങ്ങനെ നിൽക്കുന്ന മോർഫിംഗ് നിങ്ങൾ ഉണ്ടാക്കിയില്ലേ? ഇതിൽ ഏത് മോർഫിംഗാണ് ഇപ്പോൾ വിശ്വസിക്കാൻ പറ്റുക? മുഖ്യമന്ത്രിയുടെ മകളുടെ കല്യാണത്തിന് സ്വപ്‌ന പങ്കെടുക്കുന്ന മോർഫിംഗ് ചിത്രം കണ്ടില്ലേ? ഇങ്ങനെ എന്തെല്ലാം മോർഫിംഗ് ചിത്രങ്ങളുണ്ടാക്കി നിങ്ങൾ ഇവിടെ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നു. ഇതൊക്കെ ആളുകൾ വിശ്വസിക്കുമെന്നാണോ ? ആർക്കെതിരെയാണ് ഇത്തരം മോർഫിംഗ് ചിത്രങ്ങൾ ഇങ്ങനെ ഉണ്ടാക്കി കൂടാത്തത്? ഇത് തീക്കൊളളി കൊണ്ടുളള കളിയാണ്. നിങ്ങളെപ്പോലെയുളള ആൾക്കാരെ വച്ച് ചാനലുകാർ പല കളിയും കളിപ്പിക്കും. എല്ലാവരും സ്വന്തം കാര്യമൊന്ന് ആലോചിച്ചിട്ട് ചെയ്യുന്നതായിരിക്കും നല്ലത്. എല്ലാവരും മനുഷ്യരല്ലേ? ഇത്തരം ചിത്രങ്ങൾ കൊടുക്കേണ്ടതാണോയെന്ന് നിങ്ങൾ കാര്യമായി ആലോചിക്കണം. നിങ്ങൾ ആർക്കെങ്കിലും എതിരായി ഇങ്ങനെയൊരു ഫോട്ടോ പ്രചരിപ്പിച്ചാൽ എന്തായിരിക്കും സ്ഥിതി? നിങ്ങൾക്ക് താങ്ങാൻ പറ്റില്ല. ഞങ്ങളൊക്കെ താങ്ങും. ഞങ്ങൾക്കെതിരായി എന്ത് മോർഫിംഗ് ചിത്രങ്ങൾ പ്രചരിപ്പിച്ചാലും ഞങ്ങളത് താങ്ങും. പക്ഷേ നിങ്ങൾക്കെല്ലാം വന്നാ നിങ്ങൾ താങ്ങൂല്ലാന്ന് നിങ്ങൾ മനസിലാക്കിക്കോ. കൂടുതലൊന്നും ഞാൻ പറയുന്നില്ല. എൽ.ഡി.എഫിന്റെ മീറ്റിംഗ് ഉളളതുകൊണ്ട് നമുക്ക് അവസാനിപ്പിക്കാം.'' എന്നായിരുന്നു കോടിയേരി ചോദ്യത്തിന് ഉത്തരം നൽകിയത്.
ഇത്രയും പറഞ്ഞു നിർത്തിയ കോടിയേരി പിന്നീടുളള ചോദ്യങ്ങൾക്ക് കാത്തു നിൽക്കാതെ വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേൽക്കുകയായിരുന്നു. ശിവശങ്കറിന്റെയും, ബിനീഷ് കോടിയേരിയുടെയും അറസ്റ്റ് വ്യക്തിഗത കുറ്റകൃത്യങ്ങളിലെന്ന് വിവരിച്ച് അവഗണിക്കുമ്പോഴും, രാഷ്ട്രീയ ധാർമ്മികതയെച്ചൊല്ലി ഉയരുന്ന ചോദ്യങ്ങൾ സി പി എമ്മിനെയും ഇടതുനേതൃത്വത്തെയും വരിഞ്ഞുമുറുക്കുകയാണ്.
തദ്ദേശ തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേക്ക് നീങ്ങേണ്ട നിർണായകഘട്ടത്തിൽ ഇടതുമുന്നണിക്ക് ഇതേറെ അസ്വസ്ഥതയുളവാക്കുന്നതാണ്. ശിവശങ്കർ സ്വന്തം നിലയ്ക്ക് ചെയ്ത കുറ്റകൃത്യമായതിനാൽ, സർക്കാരിനെയോ മുഖ്യമന്ത്രിയെയോ ബാധിക്കുന്നതല്ലെന്ന വിശദീകരണം പൊതുസമൂഹത്തെ എത്രമാത്രം ബോദ്ധ്യപ്പെടുത്താനാകുമെന്നതാണ് സി പി എമ്മിനെ അലോസരപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർണായക തസ്‌തികയിലിരുന്ന് ശിവശങ്കർ സ്വർണക്കടത്ത് കേസിലടക്കം ഇടപെട്ടുവെന്ന ഇ ഡിയുടെ വെളിപ്പെടുത്തൽ ഗൗരവതരമാണ്.
ശിവശങ്കർ പദവി ദുരുപയോഗപ്പെടുത്തിയപ്പോൾ നിയന്ത്രിക്കാനാകാത്ത മുഖ്യമന്ത്രിയുടേത് വീഴ്ചയല്ലേയെന്ന ചോദ്യത്തിന് മറുപടി നൽകുക പ്രയാസമാകും. സോളാർ കേസിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസിന് നേർക്കുന്നയിച്ച ചോദ്യം അതേനിലയിൽ തിരിച്ചടിക്കുന്ന നില. ശിവശങ്കറിനെ നിയന്ത്രിക്കുന്നതിൽ സൂക്ഷ്മതക്കുറവുണ്ടായെന്ന സന്ദേഹം ഇടതുകേന്ദ്രങ്ങളിൽ ഉയരുന്നുണ്ടെങ്കിലും, പ്രതിസന്ധിഘട്ടത്തിൽ സർക്കാരിനെ പ്രതിരോധിക്കുകയെന്ന ദൗത്യമാണ് പാർട്ടിയും മുന്നണിയും ഏറ്റെടുക്കുന്നത്.
ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ, ബിനീഷ് കോടിയേരിയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പിടിയിലായത് സി പി എം നേതൃത്വത്തിന് ഇരട്ടപ്രഹരമായി. ബിനീഷ് കോടിയേരി സി പി എം പ്രവർത്തകനല്ലെന്ന് പറഞ്ഞ് നേതൃത്വം കൈകഴുകുന്നുണ്ട്. മക്കൾ ചെയ്യുന്ന തെറ്റിന് നേതാക്കളെ വലിച്ചിഴയ്ക്കേണ്ടെന്ന നിലപാടിലാണ് പാർട്ടി. ബിനീഷ് തെറ്റ് ചെയ്തെങ്കിൽ തൂക്കിക്കൊന്നോട്ടെയെന്ന് കോടിയേരി ബാലകൃഷ്ണൻ നേരത്തേ തന്നെ പറഞ്ഞത് സി പി എമ്മിന് ഈ വിവാദത്തിൽ പങ്കില്ലെന്ന് സ്ഥാപിക്കാനാണ്. പക്ഷേ, അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുടെ മകൻ പണമിടപാട് കേസിൽ കുരുക്കിലാകുന്നതിന്റെ ധാർമ്മികത ഉയർത്തിക്കാട്ടിയാണ് പ്രതിപക്ഷം ആക്രമണം കനപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |