തിരുവനന്തപുരം: ശിവശങ്കറിന്റെ അറസ്‌റ്റുമായി ബന്ധപ്പെട്ട് എഴുതിവായിച്ച വിശദീകരണം നൽകിയ മുഖ്യമന്ത്രിയുടെ നടപടി അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രി കളളം ആവർത്തിക്കുകയാണ്.ഓഫീസിൽ കളളക്കടത്ത് സംഘം എത്തി എന്ന ആരോപണത്തിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നു. പാർട്ടിയും സർക്കാരും ഒരുപോലെ ആരോപണത്തിൽ നിന്ന ഒരു സമയം ഇതുപോലെ മുൻപ് ഉണ്ടായിട്ടില്ലെന്നും രാജി വച്ച് പുറത്ത് പോകാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു.
തെറ്റ് ചെയ്‌ത ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാണ് എന്ന് പറഞ്ഞ കേന്ദ്രകമ്മിറ്റി അംഗത്തിന് നല്ല നമസ്കാരം നൽകുന്നെന്നും സി.പി.എമ്മിലെ ന്യായീകരണ തൊഴിലാളികൾ ഇപ്പോൾ ദേശീയതലത്തിലാണെന്നും കെ.സുരേന്ദ്രൻ പരിഹസിച്ചു.
' ഈ വിവാദങ്ങളിൽ കേന്ദ്ര കമ്മിറ്റിക്ക് ധാർമ്മികമായ ഒരു ബാദ്ധ്യതയുമില്ലേ? കേന്ദ്രകമ്മിറ്റിയുടെ ചിലവ് നോക്കുന്നത് പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനുമാണോ?' സുരേന്ദ്രൻ ചോദിച്ചു. പാർട്ടി സെക്രട്ടറിയായ കോടിയേരി മുൻ ആഭ്യന്തര മന്ത്രിയാണ്. അങ്ങനെയുളളയാളുടെ മകൻ കുറ്റകൃത്യങ്ങൾ ചെയ്യുമ്പോൾ ഒന്നുമറിഞ്ഞില്ലെന്ന് പറഞ്ഞാൽ അത് വിശ്വാസയോഗ്യമല്ല. 15 വർഷം മുൻപും ബിനീഷിനെതിരെ തങ്ങൾ വിവിധ ബിനാമി ഇടപാടുകളെ കുറിച്ചും സാമ്പത്തിക ഇടപാടുകളെ പറ്റിയും ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഈ ബിനാമി ഇടപാടുകളെ കുറിച്ച് പൊതുസമൂഹമാകെ ചർച്ച ചെയ്‌തിട്ടും കോടിയേരി മാത്രം ഒന്നും അറിഞ്ഞില്ല എന്നത് വിശ്വാസയോഗ്യമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |