കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സർക്കാരും പ്രോസിക്യൂഷനും. ഇരയുടെ മൊഴിപോലും വിചാരണക്കോടതി രേഖപ്പെടുത്തിയിട്ടില്ലെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ പറയുന്നു. മകളെ ഉപയോഗിച്ച് പ്രതിയായ ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന മഞ്ജു വാര്യുടെ മൊഴി കോടതി ഒഴിവാക്കിയെന്ന കടുത്ത ആരോപണവും വിചാരണക്കോടതിക്കെതിരെ സർക്കാർ ഉന്നയിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിൽ മഞ്ജു വാര്യർ പി.ഡബ്ല്യു നമ്പർ- 34 (പ്രോസിക്യൂഷൻ വിറ്റ്‌നസ്) ആണ്. മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് ആണ്. അടച്ചിട്ട കോടതി മുറിയിൽ വളരെ രഹസ്യമായായിരുന്നു മൊഴി രേഖപ്പെടുത്തൽ. ഈ ഘട്ടത്തിൽ പ്രോസിക്യൂഷൻ നിരവധി കാര്യങ്ങൾ മഞ്ജു വാര്യരോട് ചോദിച്ചു. എന്നാണ് നിങ്ങളുടെ മകളുമായി നിങ്ങൾ അവസാനം സംസാരിച്ചത് എന്നായിരുന്നു അതിൽ പ്രധാന ചോദ്യം. ഇതിന് മഞ്ജു നൽകിയ മറുപടി ഇങ്ങനെയായിരുന്നു- 24/02/2020ൽ (രഹസ്യ മൊഴി നൽകുന്നതിന് മുന്ന് ദിവസം മുമ്പ്) മകൾ തന്നെ വിളിച്ചിരുന്നു. എട്ടാം പ്രതിയായ തന്റെ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകൾ തന്നോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സത്യം പറയാൻ താൻ ബാദ്ധ്യസ്ഥയാണെന്നും, എന്താണോ കോടതിയിൽ പറയുക അത് സത്യം മാത്രമായിരിക്കുമെന്നുമാണ് മകളോട് തനിക്ക് പറയാനുണ്ടായിരുന്നതെന്ന് മഞ്ജു നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഈ സുപ്രധാന മൊഴിയാണ് വിചാരണക്കോടതി രേഖപ്പെടുത്താതെ ഒഴിവാക്കിയത്. ഹോട്ടൽ അബാദ് പ്ളാസയിൽ വച്ച് നടി ഭാമയോട് തന്നെ വകവരുത്തുമെന്ന് ദിലീപ് പറഞ്ഞ വിവരം ആക്രമിക്കപ്പെട്ട നടി കോടതിയെ അറിയിച്ചു, അതും രേഖപ്പെടുത്താൻ കോടതി തയ്യാറാകാതെ ഇതെല്ലാം കേട്ടുകേൾവി മാത്രമാണെന്ന് പറഞ്ഞ് തള്ളുകയായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. വിചാരണക്കോടതിയിലുള്ള പരിപൂണമായ അവിശ്വാസമാണ് സത്യവാങ്മൂലത്തിൽ സർക്കാർ രേഖപ്പെടുത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |