ആറ്റിങ്ങൽ: തോന്നയ്ക്കൽ സായിഗ്രാമത്തിൽ സത്യസായിബാബയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന പയ്യന്നൂർ കോൽക്കളി ആകർഷകമായി. കോലടിച്ചുകൊണ്ട് കളിക്കാർ ചരട് നെയ്യലും അഴിച്ചെടുക്കലും നടത്തുന്ന കളിയാണ് പയ്യന്നൂർ ചരട്കുത്തി കോൽകളി.
കൃഷിയും കന്നുകാലിമേയ്ക്കലുമൊക്കെയായി ബന്ധപ്പെട്ടുളള ഈ നാടൻകലാരൂപം പയ്യന്നൂരും പരിസരപ്രദേശത്തും പ്രചാരത്തിലുളളതാണ്. ശ്രീകൃഷ്ണനും ഗോപകുമാരന്മാരും ഗോപികമാരും ഒക്കെ കഥാപാത്രങ്ങളായെത്തുന്നതാണ് വായ്ത്താരി. വായ്ത്താരികളുടെയും പാട്ടിന്റെയും ചുവടുകളുടെയും ചടുലതയാണ് ഈ കലാരൂപത്തിന്റെ പ്രത്യേകത.
കളിക്കാരുടെ കൈയിലുളള ചരട് മധ്യത്തിലുളള ഒരു തൂണിൽ ബന്ധിക്കും. പാട്ടിനൊപ്പം ചുവട് വച്ച് മുന്നേറുമ്പോൾ ഈ ചരട് ഒരു വലപോലെ നെയ്ത് വരും. തിരിച്ച് കളിക്കുമ്പോൾ അത് പഴയചരടായി മാറുകയും ചെയ്യും. സ്ത്രീകളും പുരുഷന്മാരുമായി നൂറോളംപേർ ചേർന്ന് അവതരിപ്പിച്ച കളി ലിംകബുക്ക് ഓഫ് വേൾഡ് റിക്കാർഡിലും ഇടംനേടിയിട്ടുണ്ട്. പയ്യന്നൂർ കൃഷ്ണന്റെ നേതൃത്വത്തിൽ പയ്യന്നൂർ ഫൈൻ ആർട്‌സ് മഹിളാ കോൽക്കളി സംഘമാണ് കഴിഞ്ഞദിവസം സായിഗ്രാമത്തിൽ കളി അവതരിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |