കൽപറ്റ: വയനാട്ടിലെ ബാണാസുര മലയിൽ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വേൽമുരുകന്റെ മരണം വ്യാജ ഏറ്റുമുട്ടലാണെന്നും ഇതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുടുംബം. വേൽമുരുകന്റെ സഹോദരൻ മുരുകനാണ് ആവശ്യവുമായി കോടതിയിലെത്തിയത്. ഇയാൾക്കുവേണ്ടി മനുഷ്യാവകാശ പ്രവർത്തകരാണ് വയനാട് ജില്ലാ കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
വേൽമുരുകന്റെ മരണം ഏറ്റുമുട്ടലാണെന്ന് ബന്ധുക്കൾ വിശ്വസിക്കുന്നില്ല. വേൽമുരുകന്റെ ശരീരത്തിൽ കുറേയേറെ മുറിവുകളുണ്ടായിരുന്നു. അടുത്ത് നിന്ന് വെടിവച്ചതിനാലാണ് ഇതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പ്രാഥമിക പരിശോധനയിൽ നാല് വെടിയുണ്ടകളും നാൽപതിലേറെ മുറിവുകളും വേൽമുരുകനുണ്ടായിരുന്നു എന്ന് കണ്ടെത്തി. എന്നാൽ ഏറ്റുമുട്ടലാണ് നടന്നതെന്നാണ് പൊലീസ് പറഞ്ഞത്. പക്ഷെ പൊലീസ് സംഘത്തിൽപെട്ടവർക്കാർക്കും പരുക്കേൽക്കാത്തത് ഈ വാദം വ്യാജമാണെന്ന് തെളിയിക്കുന്നതായി മനുഷ്യാവകാശ പ്രവർത്തകർ എതിർ വാദമായി പറയുന്നു.
സായുധരായ ആറംഗ സംഘമാണ് വെടിവച്ചതെന്നും ഇവരിൽ നിന്ന് റൈഫിളും ലഘുലേഖകളും പിടിച്ചെടുത്തതായി പൊലീസ് അവകാശപ്പെടുന്നു. മാവോയിസ്‌റ്റുകളുടെ ആയുധങ്ങൾ പൊലീസ് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഏറ്റുമുട്ടൽ വ്യാജമാണെന്നും ഈ സർക്കാരിന്റെ കാലത്ത് കൊല്ലപ്പെടുന്ന എട്ടാമത് മാവോയിസ്‌റ്റാണ് വേൽമുരുകനെന്നും മനുഷ്യാവകാശ പ്രവർത്തകരും പ്രതിപക്ഷ സംഘടനകളും പറഞ്ഞു. നവംബർ മൂന്നിനായിരുന്നു മാവോയിസ്‌റ്റ്-പൊലീസ് ഏറ്റുമുട്ടലിൽ വേൽമുരുകൻ കൊല്ലപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |