കാൺപുർ: ബലാത്സംഗക്കേസിലെ പ്രതി അപകടത്തിൽ മരിച്ചതിന് പിന്നാലെ പരാതിക്കാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ദിബിയാപുരിൽ ആണ് സംഭവം. ബലാത്സംഗ കേസിലെ പ്രതിയായ ജിതേന്ദ്ര എന്ന പൊലീസുകാരൻ രണ്ട് ദിവസം മുമ്പാണ് മരിച്ചത്.
യുവതിയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. ഇതിന് പിന്നാലെ കുടുംബത്തിൽ നിന്ന് അകന്ന് ഇവർ വാടക വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. ഇതിനിടയിലാണ് ജിതേന്ദ്രയെ പരിചയപ്പെട്ടത്. ഫത്തേപൂർ സ്വദേശിയായ ഇയാൾ ദേവകാളി പൊലീസ് ഔട്ട് പോസ്റ്റിലാണ് ജോലി ചെയ്തിരുന്നത്. വിവാഹവാഗ്ദ്ധാനം നൽകി തന്നെ ജിതേന്ദ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കാണിച്ച് യുവതി പൊലീസുകാരനെതിരെ പരാതി നൽകിയിരുന്നു.തുടർന്ന് ഇയാളെ അധികൃതർ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
നവംബർ നാലിനാണ് ജിതേന്ദ്ര അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ നവംബർ ഒമ്പതിന് മരിച്ചു. ഇതിനു പിന്നാലെയാണ് യുവതിയെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ മരണം ആത്മഹത്യയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നും, ആത്മഹത്യ കുറിപ്പ് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. ജിതേന്ദ്രയെ താൻ സ്‌നേഹിക്കുന്നെന്നും, അദ്ദേഹം ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിലുള്ളത്. കൂടാതെ യുവതിയുടെ കൈയിൽ മൈലാഞ്ചികൊണ്ട് സ്വന്തം പേരും ജിതേന്ദ്രയുടെ പേരും എഴുതിയിരുന്നതായും പൊലീസുകാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |