തിരുവനന്തപുരം: . ശിവശങ്കറിലും സ്വപ്നയിലും മാത്രമൊതുക്കിയാൽ ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാനാകില്ലെന്ന കണക്കുകൂട്ടലിലാണ്, കേന്ദ്ര അന്വേഷണ ഏജൻസികൾ സർക്കാരിലേക്ക് കൂടുതൽ കുരുക്കിടാൻ ശ്രമം തുടങ്ങിയതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്.ഇതിനെ മുൻകൂട്ടി തിരിച്ചറിഞ്ഞ് പ്രതിരോധിക്കും.നിയമസഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും പാർട്ടിയെയും മുന്നണിയെയും പ്രതിസന്ധിയിലാക്കി നേട്ടം കൊയ്യാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.വെറുമൊരു ശിവശങ്കറിലും സ്വപ്നയിലും കറങ്ങി നിന്നിട്ട് കാര്യമില്ലെന്നതിനാൽ, മുഖ്യമന്ത്രിയുടെ ഓഫീസിലേക്കോ മുഖ്യമന്ത്രിയിലേക്ക് തന്നെയോ അന്വേഷണമെത്തിക്കാനാണ് ശ്രമിക്കുന്നത്. .അന്വേഷണ ഏജൻസികളുടെ ചില വീഴ്ചകൾ കോടതിയിലടക്കം പരാമർശവിധേയമായതും ,ഇടതുമുന്നണി ഇതിനകം നടത്തിയ പ്രചാരണപ്രവർത്തനങ്ങളും രാഷ്ട്രീയ ഗൂഢലക്ഷ്യം തുറന്നുകാട്ടുന്നതിന് ഒരു പരിധിവരെ സഹായിച്ചെന്നാണ് നിഗമനം. സ്വപ്ന സുരേഷിന്റെ ശബ്ദരേഖ പുറത്തായതും, ശിവശങ്കറിന്റെ സത്യവാങ്മൂലത്തിലെ വിവരങ്ങളുമെല്ലാം കേന്ദ്ര ഏജൻസികളുടെ ഉദ്ദേശ്യശുദ്ധി സംശയ നിഴലിലാക്കുന്നു. സ്വർണ്ണക്കടത്ത് കേസന്വേഷണത്തിൽ തുടക്കത്തിലുണ്ടായ ഗൗരവമൊന്നും ഇപ്പോൾ ജനങ്ങളിലില്ല. സർക്കാരിനെ ദുർബലപ്പെടുത്താനുള്ള നീക്കമെന്ന സി.പി.എമ്മിന്റെയും സി.പി.ഐയുടെയും വിമർശനം, ഒരു വിഭാഗം ജനങ്ങൾ ശരിവയ്ക്കുന്ന നിലയുണ്ടായി.
കെ-ഫോൺ ഉൾപ്പെടെ സർക്കാരിന്റെ വൻകിട പദ്ധതികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള നീക്കം, സർക്കാരിനെ പുകമറയിലാക്കലാണ് ലക്ഷ്യമെന്ന സംശയം ബലപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്യാനൊരുങ്ങുന്നതും , മറ്റ് രണ്ട് പേരിലേക്കും അന്വേഷണമെത്തുമെന്ന അഭ്യൂഹങ്ങളും സർക്കാരിനെ കുരുക്കാൻ കച്ച കെട്ടിയിറങ്ങുന്നതിന്റെ സൂചനയായി സി.പി.എം കാണുന്നു.തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സർക്കാരിന് ആത്മവിശ്വാസമേകും: വിജയരാഘവൻ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പു ഫലം സംസ്ഥാന ഭരണത്തിന് ആത്മവിശ്വാസം നൽകുന്നതാവുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേരളത്തിലുണ്ടായി വികസനം ജനങ്ങളെ അഭിമുഖീകരിക്കാൻ നല്ല ആത്മവിശ്വാസം നൽകുന്നു. ലീഗ് എം.എൽ.എമാർക്കെതിരായ നടപടികളിൽ രാഷ്ട്രീയമില്ല. നടപടി ലീഗ് പ്രവർത്തകരുടെ പരാതിയിലാണ്. പാണക്കാട് നിന്നാണ് ഖമറുദ്ദീന്റെ കേസിൽ ഒത്തുതീർപ്പിന് മദ്ധ്യസ്ഥരെ വച്ചത്. പണം നഷ്ടപ്പെട്ടതും ലീഗുകാർക്ക്. അത് കൈകാര്യം ചെയ്തത് ലീഗ് നേതൃത്വവുമാണ്. നൂറുകണക്കിന് പേർക്ക് പ്രശ്നമാകാനിടയുള്ള പരാതി ഗൗരവമായി പരിശോധിക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള നിയമനടപടിയെടുക്കുന്നതിൽ എന്താണ് രാഷ്ട്രീയം? കിഫ്ബിയെ സംബന്ധിച്ച അവകാശലംഘന നോട്ടീസ് നിയമസഭയുമായി ബന്ധപ്പെട്ടതാണ്. അതവിടെ തീരുമാനിക്കട്ടെ. സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളെ ക്ഷണിച്ച് മുഖ്യമന്ത്രി കത്തെഴുതിയത് ശരിയായ അന്വേഷണം ആഗ്രഹിച്ചതിനാലാണ്. വളഞ്ഞ വഴി സ്വീകരിക്കാത്ത നേതൃത്വമാണ് അദ്ദേഹത്തിന്റേത്. എന്നാൽ, സത്യം കണ്ടെത്തുന്നതിന് പകരം രാഷ്ട്രീയദൗത്യവുമായി ഏജൻസികൾ മുന്നോട്ട് പോയാൽ എതിർക്കുന്നതും സ്വാഭാവികമാണ്. ആന്തൂരിലെന്നല്ല, ഒരു തദ്ദേശ സ്ഥാപനത്തിലും നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നതിൽ നിന്ന് ആരെയെങ്കിലും സി.പി.എം തടസപ്പെടുത്തിയതായി പരാതിയില്ല. സി.പി.എമ്മിന് ജനപിന്തുണ ഏറിയ പ്രദേശങ്ങളിൽ എല്ലാ കാലത്തും കുറേ സീറ്റുകളിൽ എൽ.ഡി.എഫ് എതിരില്ലാതെ ജയിക്കാറുണ്ട്.കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം പാർട്ടിയിൽ ചില ക്രമീകരണങ്ങൾ വേണമായിരുന്നു. . അതിന് മറ്റ് മാനങ്ങൾ നൽകേണ്ടതില്ലെന്നും വിജയരാഘവൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |