കൊച്ചി: വിവാദ ശബ്‌ദരേഖയുടെ അടിസ്ഥാനത്തിൽ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ്. ഇക്കാര്യത്തിൽ അനുമതിക്കായി കോടതിയെ സമീപിക്കാനാണ് എൻഫോഴ്‌സ്‌മെന്റ് നീക്കം നടത്തുന്നത്. അന്വേഷണ സംഘങ്ങൾക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ശബ്‌ദരേഖയിലൂടെ സ്വപ്‌ന ഉന്നയിച്ചത്.
ജയിലിലുളള സ്വപ്‌നയുടെ ശബ്‌ദരേഖയിൽ വിവാദം മുറുകുമ്പോഴാണ് ജയിൽവകുപ്പ് എൻഫോഴ്‌സ്‌മെന്റ് പരാതിയിൽ അന്വേഷണം നടത്താനാകില്ലെന്ന നിലപാടിൽ എത്തിയത്. ശബ്‌ദം തന്റേതെന്ന് സ്വപ്‌ന തിരിച്ചറിഞ്ഞതും ചോർന്നത് ജയിലിൽ നിന്നല്ലെന്ന് ജയിൽവകുപ്പ് കണ്ടെത്തിയതുമാണ് ജയിൽ വകുപ്പ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്താൻ കാരണം. ഇതോടെയാണ് കോടതിയിലേക്ക് പോകാമെന്ന തീരുമാനത്തിലേക്ക് എൻഫോഴ്‌സ്‌മെന്റ് എത്തിച്ചേരുന്നത്.
ജയിലിൽ നിന്നല്ല ശബ്ദരേഖ ചോർന്നതെന്ന നിഗമനത്തിൽ ഇതിനോടകം എത്തിയ ജയിൽവകുപ്പ് കൂടുതൽ അന്വേഷണത്തിലേക്ക് പോകില്ല. പ്രാഥമിക അന്വേഷണം നടത്തിയ ജയിൽ ഡി ഐ ജി റിപ്പോർട്ട് തയ്യാറാക്കാതെ വിവരങ്ങൾ മാത്രമാണ് ഡി ജി പിയെ ധരിപ്പിച്ചത്. സ്വപ്‌ന ജുഡീഷ്യൽ കസ്റ്റഡിയിലുളളത് കൊണ്ടാണ് രേഖാമൂലം റിപ്പോർട്ട് തയ്യാറാക്കാത്തത്.
അതേസമയം, എൻഫോഴ്‌സ്‌മെന്റ് കത്തിൽ ജയിൽ വകുപ്പിന് കൃത്യമായി മറുപടി നൽകേണ്ടി വരും. ചുരുങ്ങിയ സമയത്തിനുളളിൽ സ്വപ്‌നയെ ചോദ്യം ചെയ്‌ത് ചോർച്ച ജയിലിൽ നിന്നല്ലെന്ന നിലപാടിലേക്ക് ജയിൽ വകുപ്പ് എത്തിയതിനെ എൻഫോഴ്‌സ്‌മെന്റ് സംശയിക്കുന്നുണ്ട്.
കേന്ദ്ര ഏജൻസിക്കെതിരെ ഉയർന്ന ആരോപണത്തിൽ വ്യക്തതവരുത്താനാണ് എൻഫോഴ്‌സ്‌മെന്റ് നീക്കം. ചോർച്ചയല്ല, സ്വപ്‌ന പറഞ്ഞ കാര്യങ്ങളാണ് പ്രധാനം എന്നാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |