കൊല്ലം: എറണാകുളം കിഴക്കമ്പലത്തെ ട്വന്റി 20 മാതൃകയിൽ കൊല്ലത്തും പുതു പരീക്ഷണം. ട്വന്റി - 25 എന്ന പേരിലാണ് കൊല്ലത്തെ പോരുവഴി പഞ്ചായത്തിലെ പരീക്ഷണം. അമ്പലത്തുംഭാഗം കേന്ദ്രീകരിച്ചുള്ള ട്വന്റി - 25 ചാരിറ്റബിൾ ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ട് രണ്ടുമാസമേ ആയിട്ടുള്ളൂ.
പോരുവഴി പഞ്ചായത്തിലെ നാല് വാർഡുകളിലാണ് മത്സരിക്കുന്നത്. മൊബൈൽ ഫോണാണ് ചിഹ്നമായി ചോദിച്ചിട്ടുള്ളത്. സി.പി.എം, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയ മുഖ്യധാരാ പാർട്ടികളിലെ പഴയകാല പ്രവർത്തകരാണ് ട്വന്റി - 25ലെ സജീവ പ്രവർത്തകർ. ഇവരെ പിന്തിരിപ്പിക്കാൻ മറ്റ് പാർട്ടിക്കാർ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചില്ല.
പ്രകടനപത്രിക വ്യത്യസ്തം
1. വീടില്ലാത്ത മുഴുവൻ പേർക്കും വീട്
2. എല്ലാ വാർഡിലും കുടുംബ കൂട്ടായ്മകൾ
3. ഓരോ വാർഡിലും വികസനത്തിന് കൃത്യമായ ആസൂത്രണം
4. ജനസൗഹൃദ പഞ്ചായത്ത് ഒാഫീസ്
5. 18 വാർഡിലും സബ്സിഡി നിരക്കിൽ സാധനങ്ങൾ നൽകാൻ കടകൾ
6. തൊഴിൽ പരിശീലനവും തൊഴിലുറപ്പും
7. തൊഴിലുറപ്പും ഉത്പാദന മേഖലയും യോജിപ്പിച്ച് ഗ്രാമവാസികൾക്ക് വരുമാനം ഉറപ്പാക്കാൻ പദ്ധതി
8.അർഹതപ്പെട്ടവർക്ക് വ്യക്തിഗത ആനുകൂല്യം
9. ഓരോ വാർഡിലെയും വീടുകളിലെ സാമ്പത്തിക സ്ഥിതിയുടെ സമ്പൂർണ വിവരശേഖരണം
10.കൃഷി, തൊഴിൽ, വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക ആസൂത്രണം
11 അംഗ എക്സിക്യൂട്ടീവ്
ട്വന്റി - 25യെ നിയന്ത്രിക്കുന്നത് പതിനൊന്ന് അംഗ എക്സിക്യൂട്ടീവാണ്. വി. സന്തോഷ് കുമാർ പ്രസിഡന്റും എൻ. സുരേഷ് സെക്രട്ടറിയുമാണ്. അഡ്വ. റെനി കുര്യാക്കോസ്, ടി. കിഷോർ, വിശ്വനാഥൻ തമ്പി, ബി. ഉഷ, ജെ. പ്രകാശ് കുമാർ, അജികുമാർ, തുളസി, പ്രമോദ്, വിഭുദേവൻ നായർ എന്നിവരാണ് മറ്റ് അംഗങ്ങൾ. പോരുവഴി പഞ്ചായത്തിൽ ഇതുവരെ 300ലധികം പേർ ട്വന്റി - 25ൽ അംഗങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |