മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം പാർട്ടിയിൽ പെട്ടയാളാണോ എന്ന് തനിക്ക് സംശയമുണ്ടെന്ന് പരിഹസിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം ഈ പ്രതികരണം നടത്തിയത്. പാർട്ടിയിൽ പെട്ട ആളല്ലെങ്കിൽ പിന്നെ 'എങ്ങനെയാണ് പിണറായി സർക്കാർ കൊണ്ടുവന്ന ഒരു ഓർഡിനൻസ് പാർട്ടിക്ക് അഹിതമായി മാറി?' എന്നാണ് അദ്ദേഹം തന്റെ കുറിപ്പ് വഴി ചോദിക്കുന്നത്. പൊലീസ് ആക്ട് ഭേദഗതിക്കെതിരെ നേരത്തെയും അദ്ദേഹം മുൻപും രംഗത്ത് വന്നിരുന്നു.
'രാജാവ് നഗ്നനാണ്. പരിവാരങ്ങളും ജനതയും പണ്ടേ നഗ്നരാണ്. പക്ഷെ രാജാവെഴുന്നള്ളുമ്പോൾ സത്യം വിളിച്ചുപറഞ്ഞാൽ അത് അപകീർത്തികരമാകുമെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്! #118A കരി നിയമമൊന്നുമല്ല. നഗ്നനായ രാജാവിന് ശിഷ്ടകാലം കഞ്ഞികുടിച്ചുപോകാനുള്ള അരി നിയമമാണ്.' എന്നായിരുന്നു സംവിധായകന്റെ മുൻപത്തെ ഫേസ്ബുക്ക് കുറിപ്പ്.
വിവാദമായ പൊലീസ് നിയമഭേദഗതി സംസ്ഥാന സർക്കാർ ഇന്ന് പിൻവലിച്ചിരുന്നു. നിയമഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.
ഭേദഗതി പഖ്യാപിക്കപ്പെട്ടതോടെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്‌തമായ അഭിപ്രായങ്ങളാണ് ഉയർന്നുവന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അനൂകൂലിക്കുന്നവരും ജനാധിപത്യ സംരക്ഷണത്തിനായി നിലക്കൊള്ളുന്നവരും അടക്കം നിയമം ഭേദഗതി ചെയ്യുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് നിയമ ഭേദഗതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പ്രസ്‌താവനയിലൂടെ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |