എതിർപ്പറിയിച്ച് വിരാൽ ആചാര്യയും
മുംബയ്: വ്യവസായ ഗ്രൂപ്പുകൾക്കും കോർപ്പറേറ്റുകൾക്കും ബാങ്കുകളുടെ പ്രമോട്ടർമാരാകാനുള്ള അനുമതിയും ലൈസൻസും നൽകുന്നത് പരിഗണിക്കാമെന്ന റിസർവ് ബാങ്കിന്റെ ഇന്റേണൽ വർക്കിംഗ് ഗ്രൂപ്പിന്റെ ശുപാർശയ്ക്കെതിരെ, കടുത്ത വിമർശനവുമായി മുൻ റിസർവ് ബാങ്ക് ഗവർണർ ഡോ. രഘുറാം രാജനും മുൻ ഡെപ്യൂട്ടി ഗവർണർ വിരാൽ വി. ആചാര്യയും.
രഘുറാം രാജന്റെ ലിങ്ക്ഡ് ഇൻ അക്കൗണ്ടിൽ സംയുക്തമായി പ്രസിദ്ധീകരിച്ച കുറിപ്പിലാണ് ഇരുവരും ഈ നിർദേശത്തിനെതിരെ ആഞ്ഞടിച്ചത്. വ്യവസായ സ്ഥാപനങ്ങൾക്ക് ബാങ്കിംഗ് ലൈസൻസ് ലഭിക്കുമ്പോൾ അവയുടെ ശ്രദ്ധ കൂടുതൽ ധനകാര്യ മേഖലയിലേക്കാകും. അവർക്ക് പണം ആവശ്യമുള്ളപ്പോഴെല്ലാം, ചോദ്യങ്ങളോ എതിർപ്പുകളോ ഇല്ലാതെ ഈ ബാങ്കിംഗ് ലൈസൻസിന്റെ കരുത്തിൽ വായ്‌പകൾ ലഭിക്കും.
ഇന്ത്യയിൽ ബാങ്കുകളിൽ ഒട്ടുമിക്കവയും തന്നെ തകരാതെ മികച്ച നിലയിൽ പിടിച്ചുനിൽക്കുന്നത് അവയ്ക്ക് നിക്ഷേപമായി (ഡെപ്പോസിറ്റ്) വൻ തുക നേടാൻ അവസരമുള്ളതുകൊണ്ടാണ്. ബാങ്കുകളുടെ നിയന്ത്രണം വ്യവസായികളുടെ കൈയിലായാൽ, കിട്ടാക്കടമാകുമെന്ന് ഉറപ്പുള്ള വായ്‌പകളുടെ വിതരണമാണ് വർദ്ധിക്കുക.
വായ്‌പാ ഇടപാടുകാരൻ തന്നെ ബാങ്കിന്റെ മേധാവിയായാൽ കൃത്യമായി തിരിച്ചുകിട്ടുമെന്ന് ഉറപ്പുള്ള വായ്‌പകൾ നൽകുമെന്ന് എങ്ങനെ ഉറപ്പാക്കും? ലോകത്ത് എല്ലാ ധനകാര്യ റെഗുലേറ്റർമാരും കിട്ടാക്കടം കുറയ്ക്കാൻ പരിശ്രമിക്കുമ്പോൾ, അതിന് വിപരീതമായ നിലപാട് നാം എടുക്കരുത്.
രാഷ്‌ട്രീയക്കാരുമായി അടുപ്പമുള്ള വ്യവസായ ഗ്രൂപ്പുകൾക്ക് ബാങ്കിംഗ് ലൈസൻസ് ലഭിക്കുന്നതും പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന വാദവും ഇരുവരും ഉന്നയിക്കുന്നുണ്ട്.
ലൈസൻസ് നൽകേണ്ടത്
ധനകാര്യ രംഗത്തുള്ളവർക്ക്
രാജ്യത്ത് ബാങ്കുകളുടെയും വായ്‌പകളുടെയും എണ്ണം കൂട്ടാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ ധനകാര്യരംഗത്തുള്ളവർക്ക് തന്നെ ബാങ്കിംഗ് ലൈസൻസ് നൽകുകയാണ് വേണ്ടതെന്ന് രഘുറാം രാജനും വിരാൽ ആചാര്യയും പറഞ്ഞു. ഇത്, ബാങ്കിംഗ് മാനേജ്‌മെന്റ് സുഗമമാക്കും.
വ്യവസായികളെ പൊതുമേഖലാ ബാങ്കുകളുടെ പ്രമോട്ടർമാരാക്കുന്നത് വിഡ്ഢിത്തമാണെന്നും ഇരുവരും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |