സുൽത്താൻ ബത്തേരി: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജന്മദിനാഘോഷത്തിൽ ശിങ്കാരിമേളത്തിൽ വിസ്മയം തീർത്ത സന്ധ്യ സുരേഷ് ഇപ്പോൾ തിരഞ്ഞെടുപ്പ് ഗോദയിൽ കൊട്ടിക്കയറുകയാണ്. ബത്തേരി നഗരസഭ അഞ്ചാം ഡിവിഷനായ ഓടപ്പള്ളത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയാണ് സന്ധ്യ.
ചെണ്ടമേളത്തിൽ വിദഗ്ധയായ സന്ധ്യ ആദ്യമായാണ് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്. ചെണ്ടയുടെ ദ്രുതതാളം പോലെ വോട്ടർമാർക്കിടയിൽ സന്ധ്യ വോട്ടഭ്യർത്ഥനയുമായി കൊട്ടിക്കയറുകയാണ്. എൽ.ഡി.എഫിലെ പ്രിയ വിനോദിനെയും യു.ഡി.എഫിലെ കെ.എം.മിനിമോളെയുമാണ് ഇവർ നേരിടുന്നത് . ബത്തേരി നഗരസഭ കുടുംബശ്രീ അംഗങ്ങൾക്കായി ശിങ്കാരി മേളത്തിൽ പരീശീലനം നൽകിയിരുന്നു. അവിടെ നിന്നാണ് വാദ്യകല പഠിക്കുന്നത്. കേരളത്തിന് പുറത്ത് ഗുജറാത്ത്, ഹൈദ്രബാദ്, ബംഗ്ലൂർ ,ചെന്നൈ എന്നിവിടങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ജന്മദിന പരിപാടിയിൽ ശിങ്കാരിമേളം അവതരിപ്പിച്ച് ജയലളിതയുടെ പ്രശംസ പിടിച്ചുപറ്റി. സന്ധ്യ ഉൾപ്പെടുന്ന ടീമിനെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. കുടുംബശ്രീ സംസ്ഥാന തല പരിപാടിയിൽ രണ്ടാം സ്ഥാനവും ഈ ടീമിനാണ് ലഭിച്ചത്. കുടുബത്തിന്റെ ഒരു വരുമാന മാർഗ്ഗമായതിനാൽ മേളം അവതരിപ്പിക്കുന്നതിന് ആര് വിളിച്ചാലും പോകുമെന്നും, സ്ഥാനാർത്ഥിയായതുകൊണ്ട് എതിർ മുന്നണിയിലുള്ളവർ വിളിച്ചാലും പോകാതിരിക്കില്ലെന്നും സന്ധ്യ നയം വ്യക്തമാക്കുന്നു. കർഷകനായ ഭർത്താവ് സുരേഷിന്റെ പ്രോൽസാഹനമാണ് ഈ രംഗത്തേക്ക് വരാൻ ഇടയാക്കിയത്. വിദ്യാർത്ഥികളായ അനൈഖ്യ, അഭിനന്ദ് എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |