ജില്ലയെ ഇളക്കിമറിക്കാൻ മുന്നണികൾ
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന് 12 ദിവസങ്ങൾ മാത്രം ശേഷിക്കെ ജില്ലയിൽ പ്രചാരണത്തിൽ മുന്നിലെത്താൻ മൂന്ന് മുന്നണികളും മുഖ്യധാരാ നേതാക്കളെ എത്തിക്കാനുള്ള ശ്രമത്തിലാണ്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ പങ്കെടുത്ത കൊല്ലത്തെയും കരുനാഗപ്പള്ളിയിലെയും സ്ഥാനാർത്ഥി സംഗമങ്ങൾ പ്രവർത്തകരിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചുവെന്ന് യു.ഡി.എഫ് ക്യാമ്പ് കരുതുന്നു.
ഇന്ന് കൊല്ലത്ത് എത്തുന്ന ഉമ്മചാണ്ടി ജില്ലയിൽ അങ്ങോളമിങ്ങോളം ഒരു ഡസനിലേറെ ചെറുതും വലുതുമായ യോഗങ്ങളിലും കുടുംബ സംഗമങ്ങളിലും പങ്കെടുക്കും. ജില്ലയ്ക്ക് പുറത്തുനിന്ന് മുതിർന്ന നേതാക്കളെയും പ്രതിപക്ഷേ നേതാവിനെയും വരും ദിവസങ്ങളിൽ കുടുംബ സംഗമങ്ങളിലെത്തിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. മുതിർന്ന നേതാക്കൾ താഴെ തട്ടിലെ പ്രവർത്തകരുമായി കുടുംബ സംഗമങ്ങളിൽ സംവദിക്കുമ്പോൾ മുന്നണിക്ക് കൂടുതൽ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരത്തിലേക്ക് തിരിച്ച് വരവാൻ അവസരമൊരുങ്ങുമെന്നാണ് പ്രതീക്ഷ.
വികസനനേട്ടം വോട്ടാകും
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ചർച്ചയാക്കി എൽ.ഡി.എഫ് ഇന്ന് വൈകിട്ട് ജില്ലയിലെ 78 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്‌മ രാഷ്ട്രീയ നിലപാടുകൾ പ്രഖ്യാപിക്കുന്ന വേദികൂടിയാകും. കൂട്ടായ്മയിൽ പങ്കെടുക്കാൻ മന്ത്രി ഇ. ചന്ദ്രശേഖരൻ അഞ്ചാലുംമൂട്ടിലെത്തും. സർക്കാരിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികൾ നിരന്തരം ശ്രമിക്കുന്നുവെന്ന രാഷ്ട്രീയ വിമർശനവും കൂട്ടായ്മയിൽ ഉയർത്തും.
മന്ത്രിമാർ, എം.എൽ.എമാർ, തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരായിരുന്നവർ, പാർട്ടിയുടെ മുതിർന്ന നേതാക്കൾ എന്നിവരെ ബൂത്ത് കൺവെൻഷനുകളിലും കുടുംബയോഗങ്ങളിലും പങ്കെടുപ്പിക്കുകയാണ് എൽ.ഡി.എഫ്. അൻപതിൽ താഴെ മാത്രം ആളുകൾ പങ്കെടുക്കുന്ന കുടുംബ യോഗങ്ങളിൽ മന്ത്രിമാരും എം.എൽ.എമാരും സർക്കാരിന്റെ വികസന നേട്ടങ്ങൾ പറയുന്നത് വോട്ടാകുമെന്നാണ് പ്രതീക്ഷ.
സജീവമായി എൻ.ഡി.എ ക്യാമ്പുകൾ
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളുടെ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയിരുന്നു. കൊല്ലം കോർപ്പറേഷന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീർ മിക്കപ്പോഴും കൊല്ലത്ത് ക്യാമ്പ് ചെയ്‌താണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ വരും ദിവസങ്ങളിൽ പ്രചാരണത്തിനെത്തും. യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്കൊപ്പം സജീവമായ പ്രചാരണത്തിലാണ് എൻ.ഡി.എയും. കുടുംബ യോഗങ്ങൾ, പ്രവർത്തക കൺവെൻഷനുകൾ ഒക്കെയായി കൂടുതൽ ജനങ്ങളിലേക്ക് ഇറങ്ങുകയാണ് എൻ.ഡി.എ നേതൃത്വവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |